തിരുവനന്തപുരം: സിറ്റി ഗ്യാസ് കണക്‌ഷൻ പുതുവർഷത്തിൽ നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളിലെ അടുക്കളകളിലുമെത്തും. നടപ്പുസാമ്പത്തിക വർഷത്തിന്റെ ഭാഗമായി 2024 ഫെബ്രുവരിയിൽ അണ്ടൂർക്കോണം, മംഗലപുരം പ‌ഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. ഫെബ്രുവരിയോടെ ഇവിടെ 700 വീടുകളിൽ ഗ്യാസ് കണക്‌ഷൻ നൽകും.എ.ജി ആൻഡ് പി പ്രഥം കമ്പനിയാണ് നടത്തിപ്പുകാർ.കൊച്ചിയിലെ ഗെയിൽ പൈപ്പ് ലൈനിന്റെ പ്രധാന ഭാഗം കടന്നുപോകുന്നത് അണ്ടൂർക്കോണം - മംഗലപുരം പഞ്ചായത്തുകളിലൂടെയാണ്.ആറ്റിങ്ങൽ വരെ ലൈൻ എത്തിയിട്ടുണ്ട്. കുറച്ചു വീടുകൾക്ക് കണക്‌ഷൻ വേഗത്തിൽ നൽകാനാകും.മംഗലപുരം പ‌‌ഞ്ചായത്തിൽ 300 വീടുകളിലാണ് കണക്‌ഷൻ നൽകുക. സി.ആർ.പി.എഫ് ക്യാമ്പ് അടക്കം സ്ഥിതി ചെയ്യുന്നതിനാലാണ് മംഗലപുരം പഞ്ചായത്തിനെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്. അതേസമയം,​സമീപത്തുള്ള കഠിനംകുളം പഞ്ചായത്തിൽ 2024- 25 സാമ്പത്തിക വർഷത്തിലേ ഗ്യാസ് എത്തൂ. വിഴിഞ്ഞം ഉൾപ്പെടെയുളള തീരമേഖലകളിലേക്കും പൈപ്പ് ലൈൻ വ്യാപിപ്പിക്കുന്നതിന് ആലോചനയുണ്ട്. ലസ്ഥാനത്ത് പ്രകൃതി വാതകമെത്തുന്നത് കേരളത്തിൽ വാതകം ലഭ്യമായതിന്റെ ഏഴാമത്തെ വർഷമാണ്. 2016 ഫെബ്രുവരിയിലാണ് കേരളത്തിൽ ആദ്യമായി എറണാകുളം കളമശേരി നഗരസഭയിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി പാചക ആവശ്യത്തിനുള്ള പ്രകൃതി വാതകം നൽകിയത്.

പ്ലാന്റിന് പുറമെ 4 ടാങ്കുകൾ

നഗരത്തിൽ കൊച്ചുവേളിയിൽ നിന്ന് പേരൂർക്കട ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് വരെയാണ് പദ്ധതി നടപ്പാക്കുന്നത്.പ്ലാന്റിന് പുറമെ, 56 കിലോലിറ്റർ ശേഷിയുള്ള നാല് ടാങ്കുകളാണ് കൊച്ചുവേളിയിലുള്ളത്. കളമശേരി ഗെയിലിൽ നിന്ന് പൈപ്പ് ലൈൻ വഴിയാണ് ഗ്യാസ് എത്തേണ്ടത്. ദ്രവീകൃത പ്രകൃതിവാതകം കൊച്ചിയിൽനിന്ന് ടാങ്കറുകളിൽ പ്ലാന്റിലെത്തിച്ച് വാതകരൂപത്തിലാക്കും.ടാങ്കുകളിൽ സൂക്ഷിക്കുന്ന വാതകമാണ് പൈപ്പ് ലൈൻ വഴി വീടുകളിലേക്ക് നൽകുന്നത്.ഒരു മീറ്റർ ക്യൂബ് ദ്രവീകൃത വാതകം പ്ലാന്റുകൾ വഴി 600 മീറ്റർ ക്യൂബ് വാതകമായാണ് മാറുക. മൈനസ് 162 ഡിഗ്രിയിലാണ് ദ്രവീകൃത പ്രകൃതിവാതകം ടാങ്കറുകളിൽ എത്തിക്കുക. പ്ലാന്റിലെ പ്രവൃത്തികൾക്കുശേഷം 'കുറഞ്ഞ പ്രഷർ,മീഡിയം പ്രഷർ,ഉയർന്ന പ്രഷർ' എന്നിങ്ങനെ മൂന്ന് വിധത്തിലുള്ള ഗ്യാസാണ് ലഭിക്കുന്നത്.കുറഞ്ഞ പ്രഷറിലുള്ള വാതകമാണ് വീടുകൾക്ക് നൽകുന്നത്.മീഡിയം പ്രഷർ ലൈനുകൾ വിദൂരത്തേക്ക് ഗ്യാസ് എത്തിക്കാനാണ് ഉപയോഗിക്കുക.

തുക തവണകളായി

ആദ്യഘട്ടത്തിൽ ഉപഭോക്താക്കൾക്ക് 7000 രൂപയോളം ചെലവുവരും.മീറ്ററും കണക്‌ഷനും അടക്കമാണിത്.തുക ഒന്നിച്ച് വാങ്ങുന്നതിനുപകരം ഗ്യാസ് വിതരണം തുടങ്ങിയ ശേഷം പ്രതിമാസ ബില്ലിൽ ഉൾപ്പെടുത്തി പത്തോ പന്ത്രണ്ടോ മാസങ്ങളിലായി ഈടാക്കാനാണ് ആലോചിക്കുന്നത്. സിലിണ്ടർ ഗ്യാസിനെക്കാൾ 15 മുതൽ 20 ശതമാനംവരെ വില വ്യത്യാസം സിറ്റി ഗ്യാസിനുണ്ടാകും.കൊച്ചുവേളി സ്റ്റേഷൻ 9,500 വാഹനങ്ങൾക്കും 80,000 വീടുകൾക്കും 1,000 വാണിജ്യ സ്ഥാപനങ്ങൾക്കും പ്രയോജനകരമാകും.