
തിരുവനന്തപുരം: പോക്സോ കേസുകളിൽ ഗൗരവമായ അന്വേഷണമോ, ശാസ്ത്രീയ തെളിവുശേഖരണമോ നടത്താതെ പൊലീസ് ഒത്തുകളിച്ചതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വണ്ടിപ്പെരിയാർ കേസിലെ വിധി.
നിരവധി കേസുകളിൽ പൊലീസിന്റെ ജാഗ്രതക്കുറവു കൊണ്ട് പ്രതികൾ രക്ഷപ്പെട്ടു. തെളിവില്ലാതെ അവസാനിക്കുകയാണ് ഭൂരിഭാഗം കേസുകളും. പ്രതികൾ ശിക്ഷിക്കപ്പെടുന്നത് 18.32 ശതമാനം കേസുകളിൽ മാത്രം. നിയമ പ്രകാരം ഒത്തുതീർപ്പാക്കാനാവില്ലെങ്കിലും ഇരയെയും പ്രതികളെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി മദ്ധ്യസ്ഥ ചർച്ചയും പൊലീസ് നടത്താറുണ്ട്. വൈദ്യ പരിശോധനയ്ക്ക് കുട്ടി വിസമ്മതിച്ചെന്ന് രേഖയുണ്ടാക്കി കേസ് ദുർബലമാക്കുന്നതും പതിവാണ്.
പോക്സോ കേസന്വേഷണത്തിൽ പൊലീസിന്റെ വീഴ്ചകൾ തുറന്നു സമ്മതിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാർ മനുഷ്യാവകാശ കമ്മിഷനിൽ അടുത്തിടെ റിപ്പോർട്ട് നൽകിയിരുന്നു. കേസന്വേഷണം പൂർത്തിയാവാൻ കാലതാമസം, തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച, അന്വേഷണ- വിചാരണ വേളയിൽ ഉന്നത ഉദ്യോഗസ്ഥർക്ക് മേൽനോട്ടത്തിൽ വീഴ്ച എന്നിങ്ങനെയാണ് എ.ഡി.ജി.പിയുടെ തുറന്നു പറച്ചിൽ.
തെളിവുകളില്ലാത്ത സാഹചര്യമൊഴിവാക്കാനും ശിക്ഷാനിരക്ക് കൂട്ടാനുമുള്ള പൊലീസിന്റെ ശുപാർശകൾ ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോൾ. അതിജീവിതയുടെയും പ്രധാന സാക്ഷികളുടെയും രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തണം, തെളിവുകൾ പോക്സോ കേസുകളുടെ ജില്ലാ നോഡൽ ഓഫീസർ സൂക്ഷ്മ പരിശോധന നടത്തണം എന്നിങ്ങനെയാണ് ശുപാർശകൾ. അതിജീവിത കൂറു മാറിയാൽ അതുവരെ നൽകിയ വിക്ടിം കോമ്പൻസേഷൻ തിരിച്ചു പിടിക്കണം. ബന്ധുക്കൾ പ്രതിയാകുന്ന കേസിൽ ഇരയെ സുരക്ഷിതമായി പാർപ്പിക്കണം. അതിജീവിതയെ വിക്ടിം ലയ്സൻ ഓഫീസർ സ്ഥിരമായി സന്ദർശിക്കണം. പ്രതി സ്വാധീനിക്കാൻ ശ്രമിച്ചാൽ അക്കാര്യം കോടതിയെ അറിയിക്കണം-തുടങ്ങിയ ശുപാർശകളും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ശിക്ഷാ നിരക്ക്തുച്ഛം
2013-18കാലത്ത് വിചാരണ നടന്ന 1255 കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് 230ൽ മാത്രം.
കോഴിക്കോട്ട് 282കേസുകളിൽ വിചാരണ പൂർത്തിയായപ്പോൾ പ്രതികൾ ശിക്ഷിക്കപ്പെട്ടത് 23ൽ.
മനംമടുപ്പിക്കുന്ന ചോദ്യം ചെയ്യൽ
ഇരയെയും കുടുംബാംഗങ്ങളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി മാരത്തോൺ മൊഴിയെടുക്കൽ.
സ്റ്റേഷനിലെ ചോദ്യം ചെയ്യലിൽ മനംമടുത്ത് കേസ് വേണ്ടെന്നുവയ്ക്കുന്ന ഏറെപ്പേരുണ്ട്.
വനിതാ എസ്.ഐയാണ് മൊഴിയെടുക്കേണ്ടതെങ്കിലും ചോദ്യം ചെയ്യുക പുരുഷന്മാർ
ഇരയെ സ്റ്രേഷനിൽ വിളിച്ചുവരുത്തരുത്. ഒരു തവണ വീട്ടിലെത്തി മൊഴിയെടുക്കണമെന്നാണ് നിയമം
വധശിക്ഷ വരെ കിട്ടാം
പോക്സോയിൽ കുറഞ്ഞത് 3വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷയും, ഇരയ്ക്കു മരണം സംഭവിച്ചാൽ വധശിക്ഷയും കിട്ടാം. അന്വേഷണത്തിന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക വിഭാഗം രൂപീകരിക്കുമെന്ന പ്രഖ്യാപനം പാഴായി.