ശിവഗിരി: ശിവഗിരി തീർത്ഥാടനം പ്രമാണിച്ച് ഡിസംബർ 31നു തമിഴ് - കർണ്ണാടക സമ്മേളനം നടത്തും. കേരളം കഴിഞ്ഞാൽ ഗുരുദേവൻ സാമൂഹിക സേവനം ചെയ്ത രണ്ടു സംസ്ഥാനങ്ങളാണ് തമിഴ്നാടും കർണാടകവും. ഗുരുദേവൻ തമിഴ്നാട്ടിൽ പല ക്ഷേത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കർണാടകത്തിൽ ഗോകർണ്ണനാഥ ക്ഷേത്രം സ്ഥാപിച്ചു. ഇതിന്റെ സ്മരണയിലാണ് സമ്മേളനം. തമിഴ്നാട്ടിലെ ഇല്ലത്തു പിള്ളമാർ എന്ന സമൂഹവും കർണാടകയിലെ ബില്ലവ സമുദായവും ഗുരുദേവനെ ആസ്ഥാന ഗുരുവായി സ്വീകരിച്ചു പ്രവർത്തിക്കുന്നവരാണ്.
ഡിസംബർ 31നുള്ള തീർത്ഥാടന ഘോഷയാത്രയിൽ അഖിലേന്ത്യാ ഇല്ലത്തുപിള്ളമാർ സംഘത്തിന്റെ 150 പ്രവർത്തകർ പങ്കെടുക്കും. അന്നു ഉച്ച കഴിഞ്ഞു നടക്കുന്ന സമ്മേളനത്തിൽ ഇല്ലത്തു പിള്ളമാർ പ്രസിഡന്റ് ശക്തിവേൽ, ജനറൽ സെക്രട്ടറി എൻ.എസ്. പൂർണ്ണചന്ദ്രൻ, കോ-ഓർഡിനേറ്റർ എസ്. മാടസ്വാമി, ഗുരുധർമ്മപ്രചരണസഭ സംസ്ഥാന പ്രസിഡന്റ് എൻ. ഇളങ്കോ തുടങ്ങിയവർ പങ്കെടുക്കും. കർണാടക സംസ്ഥാനത്തു നിന്നും ബില്ലവ സമുദായ നേതാക്കളും നിരവധി പ്രതിനിധികളും പങ്കെടുക്കും. ശ്രീനാരായണ ഗുരു ദി ജ്ഞാനി ഓഫ് ആക്ഷൻ എന്ന സച്ചിദാനന്ദ സ്വാമിയുടെ ഇംഗ്ലീഷ് കൃതിയുടെ തമിഴ് തർജ്ജമ സമ്മേളനത്തിൽ പ്രകാശനം ചെയ്യും.

തീർത്ഥാടനത്തോടനുബന്ധിച്ചുള്ള പരിപാടികൾ വിജയിപ്പിക്കുന്നതിന് 17 ന് കുറ്റാലത്ത് വച്ച് അഖിലേന്ത്യ ഇല്ലത്തു പിള്ളമാർ സംഘത്തിന്റെ സംസ്ഥാന സമ്മേളനം നടക്കും. വേദിയിൽ ജ്വലിപ്പിക്കുന്നതിനുള്ള ഗുരുദേവ ജ്യോതി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മഹാസമാധിയിൽ നിന്നു ജ്വലിപ്പിച്ച് അഖിലേന്ത്യാ ഇല്ലത്തു പിള്ളമാർ സംഘം പ്രസിഡന്റ് ശക്തിവേലിനെ ഏൽപ്പിച്ചു. ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീർത്ഥ, എൻ. എസ്. പൂർണ്ണചന്ദ്രൻ, കോ -ഓർഡിനേറ്റർ എസ്. മാടസ്വാമി, മനോഹരൻ മൂന്നാർ, രാജ്കുമാർ മൂന്നാർ, ശിവഗിരി മഠം പി.ആർ ഒ ഇ. എം. സോനാഥൻ തുടങ്ങിയവർ പങ്കെടുത്തു. ജ്യോതി കോട്ടയം കുമിളി, തേനി, മധുര, കാരൈക്കുടി, ശിവകാശി -ശ്രീവല്ലിപുത്തൂർ, രാജപാളയം വഴി കുറ്റാലത്ത് എത്തും. വഴി നീളെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സ്വീകരണം ഉണ്ടായിരിക്കും.