തിരുവനന്തപുരം: ശബരിമലയിലെ തിരക്കു നിയന്ത്രിക്കാൻ പൊലീസ് വിന്യാസത്തിൽ മാറ്റം വരുത്തി. ഓരോ ഘട്ടത്തിലും പൊലീസുകാരെ കൂട്ടത്തോടെ മാറ്റാതെ, പകുതിപ്പേർ സന്നിധാനത്ത് തുടരാൻ ഡി.ജി.പി നിർദ്ദേശിച്ചു.

നാലാംഘട്ട സുരക്ഷാ ഡ്യൂട്ടി മുതൽ ഇതു നടപ്പാക്കും. നിലവിൽ ഓരോ ഘട്ടം കഴിയുമ്പോഴും പൊലീസുകാർ ഒരുമിച്ച് മാറി, പുതിയ ഉദ്യോഗസ്ഥർ ചുമതലയേൽക്കുകയാണ് ചെയ്യുന്നത്. ഇനിമുതൽ ഡ്യൂട്ടി അവസാനിച്ച പകുതി പേർ ശബരിമലയിൽ തുടരുകയും പുതുതായി എത്തുന്ന ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യും. രണ്ടു ദിവസം കൂടി ഇവർ സന്നിധാനത്ത് തങ്ങും.

പുതിയ സംവിധാനത്തിലൂടെ നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ച് എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ധാരണയുണ്ടാകുമെന്നാണ് വിലയിരുത്തൽ. തീർത്ഥാടനകാലത്ത് പരിചയസമ്പന്നരായ പൊലീസുദ്യോഗസ്ഥർ ശബരിമലയിൽ ഉണ്ടാകുന്നതിനും ഇത് സഹായിക്കും.

ഓരോ ഘട്ടത്തിലും നിയോഗിക്കപ്പെടുന്ന പൊലീസ് കൺട്രോളർ, സ്‌പെഷ്യൽ ഓഫീസർ, അസിസ്റ്റന്റ് സ്‌പെഷ്യൽ ഓഫീസർ എന്നിവരും ഈ രീതി പിന്തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലും പൊലീസ് ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് മാറ്റരുതെന്ന നിർദ്ദേശം ഉയർന്നിരുന്നു. തുടർന്നാണ് പൊലീസ് മേധാവി ഉത്തരവിറക്കിയത്.