തിരുവനന്തപുരം: തലസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയിൽ ഇനി രാത്രി ജീവിതം കളറാകും. ഇവിടുത്തെ നൈറ്റ് ലൈഫിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവുകൾ അനുവദിക്കാൻ തീരുമാനമായി.

രാത്രി 7.30 മുതൽ രാവിലെ അഞ്ചുവരെ നൈറ്റ് ലൈഫിനായി ഒത്തുചേരാം. രാത്രി 11 വരെ മൈക്കും സ്‌പീക്കറുകളും ഉപയോഗിച്ച് കലാപരിപാടികൾ നടത്താനുമാകും. നിലവിൽ നിയന്ത്രണത്തിന്റെ ഭാഗമായി രാത്രി 10 വരെയാണ് മൈക്ക് ഉപയോഗിക്കാനുള്ള അനുമതി. 11നുശേഷം പരിപാടികൾ അവതരിപ്പിക്കുന്നുണ്ടെങ്കിൽ ശബ്ദത്തിന്റെ പരമാവധി അളവ് 65 ഡെസിബെല്ലിന് താഴെയായിരിക്കണം. ഇക്കാര്യം ഉറപ്പുവരുത്തേണ്ടതിന്റെ ചുമതല പൊലീസിനാണ്. പകൽ സമയത്ത് ഇവിടെ വാഹനങ്ങളുടെ പരമാവധി വേഗത 20 കിലോമീറ്ററായി നിയന്ത്രിക്കാനും തീരുമാനിച്ചു. പകൽ സമയങ്ങളിൽ പരിപാടികൾ നടക്കുന്നുണ്ടെങ്കിൽ അന്നേദിവസം റോഡ് മുഴുവൻ ബ്ലോക്ക് ചെയ്യും. മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന കളക്ടർ,സിറ്റി പൊലീസ് കമ്മിഷണർ,മാനവീയത്തെ സംഘടനകൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.

സ്ഥിരമായി പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് രജിസ്‌ട്രേഷനായി പോർട്ടലിൽ പ്രത്യേക സംവിധാനമൊരുക്കും. ഇതിന്റെ ആക്‌സസ് പൊലീസിനും ജില്ലാ ഭരണകൂടത്തിനുമായിരിക്കും. പോർട്ടലിന്റെ ഉദ്ഘാടനം 28ന് നടക്കും. അന്നുമുതൽ വിവിധ സേവനങ്ങൾക്ക് ഫീസ് ചുമത്തും. നഗരസഭയ്‌ക്കും ഡി.ടി.പി.സിക്കുമാണ് ഇതുസംബന്ധിച്ച ചുമതല.
നൈറ്റ് ലൈഫിന്റെ ഭാഗമായി പബ്ലിക് അഡ്രസിംഗ് സിസ്റ്റം ആവശ്യമാണെന്ന് വിലയിരുത്തിയ യോഗം അടിയന്തരമായി അത് സ്ഥാപിക്കാനും തീരുമാനിച്ചു. സ്‌മാർട്ട് സിറ്റിക്കാണ് ഇത് സ്ഥാപിക്കേണ്ട ചുമതല.

മാനവീയം വീഥിയുടെ ശുചീകരണത്തിനായി സ്ഥിരം സംവിധാനം ഏർപ്പെടുത്താനും ഇതിനായി നോഡൽ ഓഫീസറെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. നഗരസഭാ സെക്രട്ടറിക്കാണ് ഇതിന്റെ ചുമതല. നൈറ്റ് ലൈഫ് നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

ആകർഷകമായ ബാരിക്കേഡുകൾ വരും


നിലവിലെ ട്രാഫിക് ബാരിക്കേഡുകൾ അശാസ്ത്രീയമാണെന്നും മനോഹരമല്ലെന്നും യോഗത്തിൽ വിലയിരുത്തി. അതിനാൽ മാനവീയത്തിന്റെ കലാമൂല്യം ഉൾക്കൊള്ളുന്ന വിധത്തിൽ പുതിയ ബാരിക്കേഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. സ്‌മാർട്ട് സിറ്റിക്കാണ് ചുമതല.


ഫോട്ടോഷൂട്ടിന് യൂസർ ഫീ


വിവാഹ ഷൂട്ടിംഗ്,ഫോട്ടോഷൂട്ട് എന്നിവയ്ക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കുകയും ചെറിയ ഫീസ് ഈടാക്കുകയും ചെയ്യും. സിനിമാ,ഡോക്യുമെന്ററി തുടങ്ങി എല്ലാ തരത്തിലുമുള്ള ഷൂട്ടിംഗുകളും അനുവദിക്കും. വാണിജ്യപരമായ ആവശ്യങ്ങൾക്ക് സ്ഥലം നൽകുകയും ചെയ്യും. ഇതിനും യൂസർഫീ ഉണ്ടാകും. യൂസർഫീയുടെ കരട് തയ്യാറാക്കാൻ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി.


തെരുവുകച്ചവടം അനുവദിക്കില്ല

മാനവീയം വീഥിയിൽ തെരുവുകച്ചവടം അനുവദിക്കില്ലെങ്കിലും ലോട്ടറി വില്പനയ്ക്ക് തടസ്സമുണ്ടാകില്ല. തെരുവുകച്ചവടം നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ചുമതല പൊലീസിനാണ്. മൊബൈൽ ഫുഡ് വെൻഡിംഗ് യൂണിറ്റും തത്കാലം അനുവദിക്കില്ല.

ലഹരി ഉപയോഗിക്കുന്നവർക്ക്

'നോ എൻട്രി'


മദ്യം,ലഹരിവസ്തുക്കൾ എന്നിവ ഉപയോഗിച്ചെത്തുന്നവരെ മാനവീയത്ത് ഒരുകാരണവശാലും പ്രവേശിപ്പിക്കില്ല. ഇത്തരത്തിലുള്ളവരെ കണ്ടെത്താൻ പൊലീസിനെ നിയോഗിക്കുകയും അവരെ പിടികൂടി പുറത്താക്കുകയും ചെയ്യും.