
തിരുവനന്തപുരം: വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മൂന്നിടത്ത് കാർ തടഞ്ഞ് കരിങ്കൊടി കാട്ടുകയും അതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത എസ്.എഫ്.ഐക്കാരായ 7 പ്രതികളുടെ ജാമ്യഹർജി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-3 അഭിനി മോൾ രാജേന്ദ്രൻ തള്ളി.
കനത്ത പൊലീസ് സുരക്ഷയിലായിരുന്ന ഗവർണറുടെ ഔദ്യോഗിക വാഹനം എങ്ങനെ ആക്രമിക്കപ്പെട്ടെന്ന് കോടതി ആവർത്തിച്ച് ചോദിച്ചിട്ടും മറുപടി നൽകാതെ പ്രതികളെ സഹായിക്കുന്ന നിലപാടായിരുന്നു പൊലീസിനും പ്രോസിക്യൂഷനും. പൊലീസിന്റെ കള്ളക്കളി പൊളിച്ചാണ് കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്.
ഗവർണറുടേത്
ഔദ്യോഗിക യാത്ര
കോടതിയിൽ പൊലീസ് നൽകിയ രണ്ടാം റിമാൻഡ് റിപ്പോർട്ടിൽ ഗവർണറുടെ ഔദ്യോഗിക യാത്രയാണ് പ്രതികൾ തടസപ്പെടുത്തിയതെന്ന് അപ്രധാനമായി പരാമർശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. ഗവർണറുടേത് 24 മണിക്കൂറുമുള്ള ഔദ്യോഗിക കൃത്യനിർവഹണം തന്നെയെന്ന് കോടതി വ്യക്തമാക്കി. പൊലീസിന്റെ മഹസർ റിപ്പോർട്ടിലും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിലും ഗവർണറുടെ ഔദ്യോഗിക വാഹനം ആക്രമിക്കപ്പെട്ടെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു. ഗവർണർ ഔദ്യോഗിക കൃത്യനിർവഹണത്തിന് പോയതല്ലെന്നും കുട്ടികൾ സ്വാഭാവിക പ്രതിഷേധമാണ് നടത്തിയതെന്നുമുള്ള പ്രതി ഭാഗം വാദത്തെയും അതിനെ അനുകൂലിച്ച പ്രോസിക്യൂഷനെയും ഖണ്ഡിക്കുന്നതായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ.
പൊലീസുദ്യോഗസ്ഥരെ പ്രതികൾ ആക്രമിച്ചെന്ന രണ്ടാം റിമാൻഡ് റിപ്പോർട്ടിലെ പരാമർശവും കോടതി എടുത്തുപറഞ്ഞു. ഗവർണറുടെ കാറിന് 76357 രൂപയുടെ നഷ്ടമുണ്ടാക്കിയതിനാൽ പൊതുമുതൽ നശിപ്പിക്കൽ കുറ്റവും നിലനിൽക്കും. ഗവർണറെ തടഞ്ഞതിന് ചുമത്തിയ ഐ.പി.സി-124 ഒഴിവാക്കാനായിരുന്നു പൊലീസിന്റെയും പ്രതിഭാഗത്തിന്റെയും കള്ളക്കളി. പ്രതി ഭാഗത്തിനായി മുൻ ജില്ലാ ഗവ. പ്ലീഡർ വെമ്പായം എ.എ. ഹക്കീമും സർക്കാരിനായി സീനിയർ അസി. പബ്ലിക് പ്രോസിക്യൂട്ടർ കല്ലംപളളി മനുവും ഹാജരായി.