ചെന്നൈ: ശബരിമല തീർത്ഥാടകരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് തമിഴ്നാട് സർക്കാർ ഔദ്യോഗികമായി കേരളത്തോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ആവശ്യപ്രകാരം തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ, കേരള ചീഫ് സെക്രട്ടറി വി.വേണുവുമായി ഫോണിൽ ചർച്ച നടത്തി. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കണമെന്നായിരുന്നു പ്രധാന ആവശ്യം. പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്നും തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും കേരള സർക്കാർ ഉറപ്പു നൽകിയതായി തമിഴ്നാട് ചീഫ് സെക്രട്ടറി അറിയിച്ചു.
തമിഴ്നാട്ടിൽ നിന്ന് ഉൾപ്പെടെ എത്തുന്ന തീർത്ഥാടകർക്ക് സൗകര്യമൊന്നും ഒരുക്കുന്നില്ലെന്നും പൊലീസ് അപമര്യാദയായി പെരുമാറുന്നെന്നും നിരവധി പരാതികൾ മുഖ്യമന്ത്രി സ്റ്റാലിന് ലഭിച്ചിരുന്നു. സേലത്തു നിന്നുള്ള കുട്ടി അപ്പാച്ചിമേട്ടിൽ മരിച്ചത് തമിഴ്നാട്ടിൽ വലിയ ചർച്ചയായിരുന്നു.