s

തിരുവനന്തപുരം:കേരള റോഡ് ഫണ്ട് ബോർഡിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ 71 അസി.എൻജിനിയർമാരെ പി.ഡബ്ലിയു.ഡിയിൽ നിന്നു നിയമിച്ചെങ്കിലും ഒഴിവുവന്ന തസ്തികയിലേക്ക് നിയമനം നടത്താതെ നീട്ടിക്കൊണ്ടുപോയ നടപടി മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ട് തിരുത്തി. പൊതുമരാമത്ത് വകുപ്പിൽ ഉണ്ടായ 71 ഒഴിവുകളിലേക്ക് പി.എസ്.സി മുഖേന നിയമനം നടത്താൻ തീരുമാനമായി.ഇക്കഴിഞ്ഞ നവംബർ 21 ന് ' പി.ഡബ്ലിയു.ഡി അസി. എൻജിനിയർ നിയമനം ഇഴയുന്നു " എന്ന തലക്കെട്ടിൽ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്ന് മന്ത്രി

നിയമനത്തിന് നേരിട്ട് നിർദ്ദേശം നൽകുകയായിരുന്നു. ഇത് ഇക്കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചു.

71 ഒഴിവുകൾ അടിയന്തരമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ഒഴിവുകളിലേക്ക് ഉടൻ നിയമന ശുപാർശ അയയ്ക്കും.

കിഫ്‌ബിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കേരള റോഡ് ഫണ്ട് ബോർഡിലേക്ക് പി.ഡബ്ലിയു.ഡിയിൽ നിന്ന് 71 ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ നിയമിച്ചിരുന്നു. ഈ ഒഴിവുകളിൽ പകരം നിയമനം നടത്തണമെന്ന് 2021 ജൂലായിൽ ശുപാർശ ചെയ്തെങ്കിലും തീരുമാനമായില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. 2021 ഏപ്രിൽ 9 ന് നിലവിൽ വന്ന റാങ്ക് ലിസ്റ്റ് നാല് മാസത്തിനകം കാലാവധി അവസാനിക്കും. 650ഓളം ഉദ്യോഗാർത്ഥികളാണ് റാങ്ക് ലിസ്റ്റിലുള്ളത്. ഇതുവരെ 67 പേർക്ക് മാത്രമാണ് നിയമനശുപാർശ ലഭിച്ചിരുന്നത്. പി.ഡബ്ലിയു.ഡിയിൽ നേരിട്ടുള്ള നിയമനത്തിന് അനുമതിയുള്ള 401 അസി. എൻജിനിയർ തസ്തികയിൽ ഇപ്പോഴുള്ളത് 332 പേർ മാത്രമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നിയമനം ഉടൻ നടത്താനാണ് തീരുമാനം.