
തിരുവനന്തപുരം: ഗവർണർക്ക് നേരെ നടന്ന പ്രതിഷേധം തടയാനാവാത്തതിൽ പൊലീസിന്റെ വീഴ്ച സമ്മതിച്ച് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു, ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന് റിപ്പോർട്ട് നൽകി. പൊലീസുകാർക്കെതിരേ നടപടിക്ക് കമ്മിഷണർ ശുപാർശ ചെയ്തിട്ടില്ല.
പ്രതിഷേധക്കാരെ ഉടൻ നീക്കി ഗവർണറെ വിടുന്നതിൽ വീഴ്ചയുണ്ടായില്ല. പാളയം യൂണിവേഴ്സിറ്റി ലൈബ്രറിക്ക് മുന്നിൽ വച്ച് പ്രതിഷേധക്കാർ ചാടിവീണപ്പോഴാണ് 5 സെക്കൻഡ് പൈലറ്റ് വാഹനം നിറുത്തിയത്. പൊലീസിന്റെ വീഴ്‌ച ബോധപൂർവമല്ല. പ്രതീക്ഷിക്കാത്ത സ്ഥലത്താണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധക്കാരെ മുൻകൂട്ടി കണ്ട സ്ഥലങ്ങളിലെല്ലാം തടഞ്ഞിരുന്നു. ലൈബ്രറിക്ക് മുന്നിലെ ഹോട്ടലുകളിൽ എത്തിയവരുടെ 12 വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നിടത്ത് നിന്നാണ് 5 സമരക്കാർ അപ്രതീക്ഷിതമായി ചാടിവീണത്. ആശാൻ സ്‌ക്വയറിനടുത്ത് നിന്ന് സമരക്കാർ ഓടിയെത്തിയതിനാലാണ് പൈലറ്റ് വാഹനം നിറുത്തിയത്. രണ്ട് പ്രതികൾ പൈലറ്റ് വാഹനത്തിനു മുന്നിൽ ചാടി. ഗവർണറുടെ കാർ കണ്ടതോടെ മറ്റുള്ളവരും അതിനടുത്തേക്ക് ഓടിയെത്തി.
പ്രതിഷേധം മുന്നിൽകണ്ട് ഗവർണറുടെ സുരക്ഷ കൂട്ടിയിരുന്നു. വാഹനവ്യൂഹത്തിൽ ഒരു അഡ്വാൻസ് പൈലറ്റ്, ഒരു എസ്കോർട്ട്, ദ്രുതകർമ്മ സേനാ വാഹനങ്ങൾ അധികമായി ഉൾപ്പെടുത്തി. സമരക്കാരെ നിമിഷങ്ങൾക്കകം നീക്കി. ഇതിനായി 5 വാഹനങ്ങൾ സ്ഥലത്തെത്തി. പ്രതിഷേധമുണ്ടാകാമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്ന സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. മറ്റിടങ്ങളിൽ പട്രോളിംഗ് ഏർപ്പെടുത്തി. പേട്ടയിലടക്കം ദ്രുത പ്രതികരണ വാഹനത്തിലെത്തിയ പോലീസാണ് സമരക്കാരെ നീക്കിയത്. സമരക്കാർ കൂടിനിന്ന നാലു സ്ഥലത്ത് സ്ട്രൈക്കർ ഫോഴ്സിനെയും വിന്യസിച്ചിരുന്നു. ജനങ്ങൾക്കിടയിൽ നിന്ന് സമരക്കാർ ചാടിവീണതാണ് പൊലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചതെന്നും കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
ഐ.പി.സി-124
ചുമത്താത്തത് മനഃപൂർവമല്ല
ഗവർണറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് 7വർഷം തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി 124 വകുപ്പ് ചുമത്താത്തത് മനഃപൂർവമല്ലെന്ന് കമ്മിഷണർ വിശദീകരിച്ചു. എഫ്.ഐ.ആറിൽ പൊലീസിന് സ്വമേധയാ ഈ വകുപ്പ് ചുമത്താനാവില്ല. തന്റെ ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞെന്ന് ഗവർണർ രേഖാമൂലം അറിയിച്ച പ്രകാരമാണ് 124-ാം വകുപ്പ് ചുമത്തിയത്.