kerala-rajbhavan

തിരുവനന്തപുരം: ഗവർണർക്ക് പഴുതടച്ച സുരക്ഷയൊരുക്കാൻ യാത്രാപാതയിലുടനീളം ബാരിക്കേഡ് വച്ച് ജനങ്ങളെ തടയണമെന്ന് പൊലീസ്. എന്നാൽ ജനങ്ങളെ വലയ്ക്കുന്ന ക്രമീകരണങ്ങൾ വേണ്ടെന്നാണ് രാജ്ഭവന്റെ നിലപാട്.

പാതയ്ക്ക് ഇരുവശത്തും പാർക്കിംഗ് നിരോധിക്കണം, കയറും ട്രാഫിക് കോണുകളും ഉപയോഗിച്ച് പാതയിലേക്ക് മറ്റ് വാഹനങ്ങൾ ഇറങ്ങുന്നത് തടയണം തുടങ്ങിയ നിർദ്ദേശങ്ങളും സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു രാജ്ഭവനെ അറിയിച്ചു. ബാരിക്കേഡ് വച്ച് ജനങ്ങളെ തടയുന്നത് തന്നെ അപമാനിക്കലാവുമെന്നാണ് ഗവർണർ പറഞ്ഞത്.

ഇന്ന് രാജ്ഭവൻ ഉദ്യോഗസ്ഥരുമായി പൊലീസ് ഉന്നതർ ചർച്ച നടത്തും. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെ യോഗത്തിൽ ഗവർണറുടെ എ.ഡി.സി അടക്കം സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുക്കും. ഗവർണറുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുകയെന്ന് കമ്മിഷണർ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിലെ പരിപാടികൾക്ക് ശേഷം 18നാണ് ഗവർണർ ഇനി തലസ്ഥാനത്ത് എത്തുന്നത്.