
തിരുവനന്തപുരം: കോളേജുകളിൽ അസി.പ്രൊഫസർ നിയമനത്തിന് നിശ്ചയിച്ച യോഗ്യതയിൽ അവ്യക്തതയെന്ന് ആക്ഷേപം. കോളജ് അധ്യാപക യോഗ്യത പരീക്ഷയായ യു.ജി.സി നെറ്റിന് തത്തുല്യമായി ചില സംസ്ഥാനങ്ങളിൽ നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), സ്റ്റേറ്റ് ലെവൽ എലിജിബിലിറ്റി ടെസ്റ്റ് ( സെല്റ്റ് ) എന്നിവ കേരളത്തിലും അംഗീകരിച്ചാണ് ഉത്തരവ്. എന്നാൽ ഉത്തരവിൽ പരാമർശിക്കുന്ന സെറ്റ് സംസ്ഥാന സർക്കാർ ഇപ്പോൾ നടത്തിവരുന്ന യോഗ്യതാ പരീക്ഷയല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നില്ല.
സംസ്ഥാനത്ത് നിലവിൽ നടത്തുന്ന ‘സെറ്റ്’ ഹയർസെക്കൻഡറി അധ്യാപക യോഗ്യതാ
പരീക്ഷയാണ്. മറ്റു സംസ്ഥാനങ്ങളിൽ നെറ്റിന് തത്തുല്യമായി നടത്തുന്ന സെറ്റ് പരീക്ഷ മാതൃകയിൽ കേരളത്തിലും യോഗ്യത പരീക്ഷ നടത്തുന്നത് സംബന്ധിച്ച് എൽ.ബി.എസ് സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. സംസ്ഥാനത്ത് കോളജ് അധ്യാപക നിയമനത്തിന് നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവമില്ലെന്നും സമാന്തര പരീക്ഷ നടത്തുന്നത് ഗുണനിലവാരത്തിൽ വെള്ളം ചേർക്കുന്നതിന് തുല്യമാകുമെന്നുമായിരുന്നു വകുപ്പിന്റെയും കൗൺസിലിന്റെയും മുൻനിലപാട്.
ചില സംസ്ഥാനങ്ങളിൽ നെറ്റിന് തത്തുല്യമാക്കി നടത്തുന്ന സെറ്റ്/ സെല്റ്റ് പരീക്ഷകൾ അതത് സംസ്ഥാനങ്ങളിലെ കോളജ് അധ്യാപക നിയമനങ്ങൾക്ക് യോഗ്യതയായി യു.ജി.സി അംഗീകരിച്ചിട്ടുണ്ട്. 2018ലെ യു.ജി.സി റെഗുലേഷനിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തിയതിന്റെ മറവിലാണ് ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിലെ സെറ്റ്/ സെല്റ്റ് പരീക്ഷകൾ സംസ്ഥാനത്ത് കോളജുകളിൽ നിയമനത്തിന് യോഗ്യതയാക്കി ഉത്തരവിറക്കിയത്. നെറ്റ് യോഗ്യതയില്ലാത്തവർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് സെറ്റ്/ സെല്റ്റ് യോഗ്യത നേടി വന്നാൽ കേരളത്തിൽ അംഗീകരിക്കേണ്ടി വരും. കോളേജ് അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി കഴിഞ്ഞ ഏപ്രിൽ 11ന് 50 വയസായി ഉയർത്തിയിരുന്നു. 2002 ജൂൺ ഒന്നിന് ശേഷം നേടിയ സെറ്റ്
യോഗ്യത, പരീക്ഷ നടത്തിയ സംസ്ഥാനങ്ങളിൽ മാത്രമേ അസി. പ്രഫസർ തസ്തികയിലേക്കുള്ള യോഗ്യതയായി യു.ജി.സി അംഗീകരിച്ചിട്ടുള്ളൂ. 2002 ജൂൺ ഒന്നിന് മുമ്പ് നേടിയ സെറ്റ് മാത്രമേ ഇന്ത്യയിൽ എല്ലായിടത്തും അസി. പ്രഫസർ തസ്തികയിലേക്കുള്ള യോഗ്യതയായി യു.ജി.സി അംഗീകരിച്ചിട്ടുള്ളൂ. ഇത് മറച്ചുവച്ചാണ് സർക്കാർ ഉത്തരവെന്നാണ് ആക്ഷേപം.