
തിരുവനന്തപുരം: വൻതുക സ്ത്രീധനം നൽകാനാവാതെ വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തിലാണ് ഡോ.ഷഹ്‌ന ജീവനൊടുക്കിയതെന്ന് ന്യൂനപക്ഷ കമ്മിഷന് ജില്ലാ കളക്‌ടറുടെ റിപ്പോർട്ട്. ഇതേകാരണമാണ് സ്ത്രീധന നിരോധന ഓഫീസർ കൂടിയായ ജില്ലാ വനിതാ ശിശുവികസന ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിലുമുള്ളത് .സിറ്റി പൊലീസ് കമ്മിഷണറും ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദീന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളിയിലെ റുവൈസിന്റെ വീട്ടിലെത്തി സംസാരിച്ചപ്പോൾ റുവൈസും പിതാവും വൻസ്ത്രീധനം ആവശ്യപ്പെട്ടതായി ഷഹനയുടെ ബന്ധുക്കൾ വ്യക്തമാക്കിയെന്ന് കളക്ടറുടെ റിപ്പോർട്ടിലുണ്ട്.
കമ്മിഷൻ മുൻപാകെ നേരിട്ടു ഹാജരായ സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിൽ റുവൈസ്, പിതാവ് അബ്ദുൽ റഷീദ് എന്നിവരെ പ്രതി ചേർത്തതായും റുവൈസിനെ അറസ്റ്റ് ചെയ്തായും അന്വേഷണം നടക്കുകയാണെന്നും പറയുന്നു.
മെഡിക്കൽ കോളജിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷമുണ്ടായ സംഭവങ്ങളാണ് ഷഹ്‌നയുടെ മരണത്തിന് കാരണമെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യുവിന്റെ റിപ്പോർട്ട്. മൂന്നംഗ സമിതിയാണ് റിപ്പോർട്ട് ഡി.എം.ഇയ്ക്കു കൈമാറിയത്. വിവാഹം നടക്കില്ലെന്ന് ഡോ. റുവൈസ് അറിയിച്ചിരുന്നുവെന്നും ഇതിൽ ഷഹന ദു:ഖിതയായിരുന്നുവെന്നും മെഡിക്കൽ കോളജ് സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
കേസ് അന്വേഷണ ഘട്ടത്തിലായതിനാൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യം കമ്മിഷൻ അംഗീകരിച്ചു. കേസ് ക്രിസ്‌മസ് അവധിക്ക് ശേഷമുള്ള സിറ്റിംഗിൽ പരിഗണിക്കും. ഷഹ്‌നയുടെ മരണത്തിൽ മാദ്ധ്യമവാർത്തകളെ തുടർന്ന് കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് വേണ്ടി ജോയിന്റ് ഡയറക്ടർ ഡോ. ഗീത രവീന്ദ്രൻ, ആർ.എം.ഒ ഡോ. മോഹൻ റോയ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.വി ജയ എന്നിവരും കമ്മിഷൻ മുമ്പാകെ ഹാജരായി.