തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന ഹർജിയിന്മേൽ നഗരസഭ നൽകിയ റിപ്പോർട്ടിനെ തുടർന്ന് തുടർനടപടികൾ അവസാനിപ്പിച്ചതായി സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ്‌ അറിയിച്ചു. നഗരത്തിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടിയെടുത്തതായും, നഗരത്തിലൂടെ കടന്നുപോകുന്ന തോടുകളുടെയും ചാലുകളുടെയും ആഴം കൂട്ടിയും പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതായി നഗരസഭ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. മുടവൻമുഗൾ വാർഡിൽ കോഴിഫാമിൽ നിന്നുള്ള ദുർഗന്ധം കാരണമുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള പരാതിയിൽ 15 ദിവസത്തിനകം പരിഹരിച്ച് റിപ്പോർട്ട് നൽകണമെന്ന് കോർപറേഷൻ സെക്രട്ടറിയോട് കമ്മിഷൻ നിർദേശിച്ചു.