
വിതുര: വിനോബ നികേതൻ ആശ്രമ സ്ഥാപക പ്രസിഡന്റും ആചാര്യവിനോബാഭാവെയുടെ ശിഷ്യയുമായ പരിവ്രാജിക എ.കെ.രാജമ്മ (99) യാത്രയായി. മൃതദേഹം ഇന്ന് രാവിലെ 10 ന് വിനോബ നികേതൻ ആശ്രമവളപ്പിൽ സംസ്കരിക്കും. സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെയാണ് അന്തരിച്ചത്. മൃതദേഹം തിരുവനന്തപുരം ഗാന്ധിഭവനിൽ പൊതുദർശനത്തിനു വച്ച ശേഷം വൈകിട്ട് വിനാേബ നികേതനിൽ എത്തിച്ചു.
ആശ്രമത്തിന്റെയും, നാടിന്റെയും വളർച്ചക്ക് നിസ്തുല സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് എ.കെ.രാജമ്മ.1954 ൽ ആണ് ഹരിജനങ്ങളുടെ ഉന്നമനവും,നാടിന്റെ വികസനവും ലക്ഷ്യമിട്ട് രാജമ്മ വിനോബ നികേതൻ ആശ്രമം സ്ഥാപിച്ചത്. ഇതിനായി സർക്കാർ പത്ത് ഏക്കർ ഭൂമി വിട്ടുനൽകി.1957 ൽ ഇ.എം.എസ് സർക്കാർ വിനോബ നികേതൻ ആശ്രമത്തിന്റെ സഹകരണത്തോടെ അനവധി വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 1962 ൽ വിനോബ നികേതൻ യു.പി സ്കൂൾ ആരംഭിച്ചു. മുന്നൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 1957 ൽ ആചാര്യ വിനോബ ഭാവെ വിനോബനികേതൻ സന്ദർശിക്കുകയും ഇവിടെ താമസിക്കുകയും ചെയ്തു. ആചാര്യ വിനോബാ ഭാവെയുടെയും ഗാന്ധിജിയുടേയും സ്മരണനിലനിറുത്തുന്നതിനായി ആരംഭിച്ച പുരാവസ്തുമ്യൂസിയം ചരിത്രത്തിന്റെ ഭാഗമായി അവശേഷിക്കുന്നു. ഗാന്ധിജി ഉപയോഗിച്ച ചെരുപ്പ്, വാച്ച്,കണ്ണട, ചർക്ക,വസ്ത്രങ്ങൾ എന്നിവ ചരിത്രമ്യൂസിയത്തിലുണ്ട്. വിനോബാഭാവെ ഉപയോഗിച്ച വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. വിനോബാഭാവെ സന്ദർശനം നടത്തിയപ്പോൾ നട്ട മാവിൻ ചുവട്ടിലാണ് ചരിത്രമ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. 2005 ൽ പ്രധാനമന്ത്രി മൻമോഹൻസിംഗും വിനോബ നികേതൻ സന്ദർശിച്ചിരുന്നു. എ.കെ.രാജമ്മയുടെ 99-ാം പിറന്നാൾ വിപുലമായാണ് ആഘോഷിച്ചത്. അടുത്ത വർഷം നൂറാം പിറന്നാൾ തൊളിക്കോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിക്കാനിരിക്കെയാണ് വിടവാങ്ങൽ.