
നെടുമങ്ങാട്: മതമൈത്രിക്ക് ഉജ്ജ്വലമായ സംഭാവന നൽകിയ പരിവ്രജിക എ.കെ.രാജമ്മ ഓർമ്മയാകുന്നു. മഹാത്മജിയോടും ഭാവെയോടുമുള്ള ആരാധനയും ഭക്തിയും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച അവർ, വിവിധ മതസ്ഥരായ എട്ടു കുഞ്ഞുങ്ങളെ ദത്തെടുത്തു. ഗ്രാമ ഹരി, ക്രിസ്തു ഹരി, കൃഷ്ണ ഹരി, നബി ഹരി, ജൂബിലി ശക്തി, രജിത ശക്തി, സ്ത്രീ ശക്തി, വാക് ശക്തി എന്നിങ്ങനെ വ്യത്യസ്തമായ പേരിട്ട് ദത്തു മക്കളെ മതമൈത്രിയുടെ സന്ദേശ വാഹകരായി വളർത്തി. പതിറ്റാണ്ടുകൾക്ക് മുമ്പ്, ഭൂദാന പ്രസ്ഥാനത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് മലയടിയിലെത്തിയ വിനോബാ ഭാവെയെ ഗാന്ധിജിയെന്ന ധാരണയിലാണ് രാജമ്മ പരിചയപ്പെടുന്നത്. 'ബാപ്പുവിന്റെ അടുത്തു തന്നെയാണ് വന്നിട്ടുള്ളതെന്ന് വിചാരിച്ചോ, ഞാൻ തന്നെയാണ് ബാപ്പു " - ഭാവെ നൽകിയ ഈ മറുപടി പരിവ്രജികയാകാനുള്ള ക്ഷണമായിരുന്നു.
'വായുവും വെള്ളവും വെളിച്ചവും പോലെ ഭൂമിയും പൊതുമുതലാണ്, സ്വകാര്യ ഉടമസ്ഥത പാടില്ല” ഈ സന്ദേശം ഉയർത്തി ഇന്ത്യ മുഴുവൻ സഞ്ചരിച്ച് ജനതയെ ഉണർത്തിയ ആചാര്യനാണ് വിനോബ ഭാവെ. അദ്ദേഹത്തിനൊപ്പം രാജ്യത്തുടനീളം സഞ്ചരിച്ച രാജമ്മ, ഭാവെയുടെ ആത്മീയ പുത്രിപ്പട്ടത്തിന് അർഹയായി. ഒടുവിൽ,ഭാവെയുടെ കരംപിടിച്ച് സബർമതിക്കരയിലെത്തി ഗാന്ധിയെ നേരിൽക്കണ്ട് ആശീർവാദം ഏറ്റുവാങ്ങി. ആ കൂടിക്കാഴ്ചയിൽ നിന്നാണ് വിനോബാ നികേതന്റെ പിറവി. 1954ലാണ് രാജമ്മ കേരളത്തിൽ മടങ്ങിയെത്തി മലയടി വിനോബ നികേതൻ സ്ഥാപിച്ചത്. ജന്മശതാബ്ദി ആഘോഷത്തിനുള്ള തയ്യാറെടുപ്പുകൾക്കിടെ പരിവ്രജിക മടങ്ങുമ്പോൾ, രാജമ്മയുടെ പിൻഗാമി ആരെന്നറിയാൻ കാതോർക്കുകയാണ് ആശ്രമവാസികളും നാട്ടുകാരും.