
വണ്ടിപ്പെരിയാറിൽ രണ്ടുവർഷം മുൻപ് ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കൊന്നു കെട്ടിത്തൂക്കിയ കേസിലെ പ്രതി അർജ്ജുനെ തെളിവുകളുടെ അഭാവത്തിൽ നിരുപാധികം വിട്ടയച്ചുകൊണ്ടുള്ള പോക്സോ കോടതി വിധി കേട്ട് അന്തിച്ചുനിൽക്കുകയാണ് കേരളത്തിലെ പൊതുസമൂഹം. വിധിയറിഞ്ഞ മാത്രയിൽ കോടതിമുറ്റത്തു കിടന്ന് അലമുറയിട്ടും, ഇതെന്തു നീതി എന്ന് ഉറക്കെ വിളിച്ചുചോദിച്ചും സങ്കടം അടക്കവയ്യാതെ നിയമവ്യവസ്ഥയെ ഒന്നാകെ പ്രതിക്കൂട്ടിൽ നിറുത്തിയ കുട്ടിയുടെ മാതാവടക്കമുള്ള ബന്ധുജനങ്ങളുടെ രോഷത്തിന് പരിഹാരം കാണേണ്ട ചുമതല ഭരണകൂടത്തിനുണ്ട്.
കേസിൽ പ്രതിയാക്കപ്പെട്ട് അറസ്റ്റ് ചെയ്തയാൾക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി അയാളെ വിട്ടയച്ചത്. ശക്തമായ പോക്സോ കേസായിട്ടും എന്തുകൊണ്ടാണ് തെളിവുകൾ ശേഖരിക്കാനും പിഴവു വരാത്ത വിധം കുറ്റപത്രം തയ്യാറാക്കാനും പൊലീസിനു കഴിയാതെപോയതെന്ന ചോദ്യം എല്ലായിടത്തുനിന്നും ഉയരുന്നുണ്ട്. പീഡനവും കൊലപാതകവും ഉൾപ്പെടെ വകുപ്പുകൾ നിരവധി ഉണ്ടായിട്ടും പ്രതിയെ കുടുക്കാൻ മാത്രമുള്ള തെളിവുകൾ എന്തുകൊണ്ടാണ് ശേഖരിക്കാതിരുന്നത്? കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നുവെന്നും, മരിച്ചുവെന്നു കരുതി കെട്ടിത്തൂക്കിയതാണെന്നും തെളിഞ്ഞിരുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട ബലപ്പെട്ട തെളിവുകളൊന്നും ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിക്കാതിരുന്നതാണ് പ്രതി അനായാസം രക്ഷപ്പെടാൻ കാരണമായത്.
കേസ് കേട്ട കോടതിയും പൊലീസിന്റെ ഈ ഗുരുതര വീഴ്ചയ്ക്കെതിരെ ശക്തമായി വിരൽചൂണ്ടുന്നുണ്ട്. അതേസമയം പ്രതിയെ വിട്ടയയ്ക്കാൻ ഉത്തരവിട്ടതിനൊപ്പം കേസിൽ പുനരന്വേഷണവും വിചാരണയും വേണമെന്ന് കോടതി നിർദ്ദേശിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പ്രതിയുടെ രാഷ്ട്രീയബന്ധവും സ്വാധീനവുമാണ് ശുഷ്‌കാന്തിയോടെ കേസ് കൈകാര്യം ചെയ്യാൻ പൊലീസിനു തടസ്സമായതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ആറുവയസ്സുള്ള കുഞ്ഞ് പിച്ചിച്ചീന്തപ്പെട്ട് ദാരുണമാംവിധം മൃത്യുവിനിരയായ കേസായിട്ടും പൊലീസിന്റെ ഭാഗത്തു സംഭവിച്ച വീഴ്ചകൾ പ്രോസിക്യൂഷന്റെ ശ്രദ്ധയിലും പെട്ടില്ലെന്നിടത്താണ് ദുരൂഹതയേറുന്നത്. സാധു കുടുംബത്തിലെ കുട്ടിയായതിനാൽ സ്വാഭാവികമായും ഉണ്ടാകാവുന്ന അലസ സമീപനവും പ്രതിയുടെ രക്ഷയ്ക്കു വഴിയൊരുക്കിയിരിക്കാം. സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ നേരിടാൻ നമുക്ക് അതിശക്തമായ നിയമമുള്ളപ്പോഴാണ് നിയമ - നീതി സംവിധാനങ്ങളെയാകമാനം പരിഹസിക്കുന്ന ഇത്തരത്തിലൊരു വിധി ഉണ്ടായിരിക്കുന്നത്.
പ്രതിയെ വിട്ടയച്ചതിനെതിരെ അപ്പീൽ നൽകാൻ പൊലീസ് തീരുമാനിച്ചതായി പ്രഖ്യാപനം വന്നിട്ടുണ്ട്. അതുതന്നെയാണ് വേണ്ടത്. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽത്തന്നെ പുനരന്വേഷണത്തിനും സർക്കാർ മുന്നോട്ടുവരണം. നിയമത്തെ നോക്കുകുത്തിയാക്കിയ ആദ്യ അന്വേഷണത്തിലെ വീഴ്ചകൾക്ക് അതേ പരിഹാരമുള്ളൂ. എന്നാൽ ഇത്തരത്തിലൊരു കേസിൽ പ്രധാനപ്പെട്ട തെളിവുകൾ പലതും ആദ്യനാളിൽത്തന്നെ നഷ്ടപ്പെട്ടിരുന്നു എന്നോർക്കണം. കുട്ടി പീഡനത്തിനിരയായ ശേഷം കൊല്ലപ്പെട്ടതിന്റെ പിറ്റേന്നാണ് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ സംഭവസ്ഥലത്ത് എത്തിയതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. അതിനുശേഷവും കേസിനു ബലമേകുന്ന സുപ്രധാന തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞില്ലെന്നാണ് സൂചനകൾ.
പുനരന്വേഷണം നടക്കുകയാണെങ്കിൽ ഇത്തരം കാര്യങ്ങൾ തിരുത്തപ്പെടുകതന്നെ വേണം. ഈ സന്ദർഭത്തിൽ ഏതാനും മാസം മുൻപ് ആലുവയിൽ ഇതുപോലൊരു പിഞ്ചുകുഞ്ഞിനെ അതിഥി തൊഴിലാളി പീഡിപ്പിച്ചു കൊന്ന കേസിൽ പൊലീസിന്റെ സമർത്ഥമായ ഇടപെടൽ പരക്കെ പ്രകീർത്തിക്കപ്പെട്ട കാര്യം ഓർക്കുന്നു. നൂറാം ദിനത്തിൽ പ്രതിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയുമാറ് അന്വേഷണം പൂർത്തിയാക്കിയതും നമ്മുടെ പൊലീസ് തന്നെയാണ്. വണ്ടിപ്പെരിയാറിലെ സാധു ബാലികയുടെ കുടുംബത്തിന് നിഷേധിക്കപ്പെട്ട നീതിക്കു കാരണക്കാരായത് പൊലീസ് തന്നെയാണ്. കേസിൽ മനഃപൂർവം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് മാതൃകാപരമായ ശിക്ഷ നൽകാൻ സർക്കാർ നടപടിയെടുക്കുമ്പോഴേ കുറ്റബോധത്തിൽ നിന്ന് അല്പമെങ്കിലും തലപൊക്കാൻ സർക്കാരിനു കഴിയൂ.