തിരുവനന്തപുരം: പേട്ട റെയിൽവേ സ്‌റ്റേഷനു സമീപത്തെ പാലത്തിനടുത്തുവച്ച് കഴിഞ്ഞ ദിവസം രാത്രിയിൽ ട്രെയിനിനു നേരെയുണ്ടായ കല്ലേറിനെക്കുറിച്ച് റെയിൽവേ പൊലീസ് അന്വേഷണമാരംഭിച്ചു.
പുനലൂർ മധുര എക്‌സ്‌പ്രസ് ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് പരിക്കേറ്റിരുന്നു. സംഭവത്തിൽ ക്രിമിനൽ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പേട്ട റെയിൽവേ പാലത്തിനു താഴെയുള്ള ആളൊഴിഞ്ഞ പ്രദേശത്തു നിന്നാണ് കല്ലേറ് ഉണ്ടായതെന്നും പാലത്തിനു താഴെ രാത്രി മദ്യപിക്കാൻ എത്തുന്ന സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും റെയിൽവേ പൊലീസ് പറഞ്ഞു. തൊട്ടടുത്തുള്ള നിരീക്ഷണ ക്യാമറകൾ പരിശോധിച്ചെങ്കിലും പ്രതികളെക്കുറിച്ചുള്ള ദൃശ്യങ്ങളൊന്നും ലഭിച്ചില്ല.

വ്യാഴാഴ്ച രാത്രി 8.10നായിരുന്നു സംഭവം. കല്ലേറിൽ പരിക്കേറ്റ പെരിങ്ങമല മാവുവിള വീട്ടിൽ കെ. സുജി (34) ചികിത്സയിലാണ്. കൊല്ലത്തെ സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരനായ സുജി ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിലാണ് കല്ലേറ് കൊണ്ടത്. മുഖം കഴുകാനായി നടക്കുമ്പോൾ വാതിലിനടുത്തെത്തിയപ്പോഴാണ് കല്ലേറ്. കല്ലേറിൽ ചുണ്ടുകളിൽ മുറിവേറ്റ് രക്തം ഒഴുകി. സംഭവം കണ്ട സഹയാത്രക്കാർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം റെയിൽവേ സ്‌റ്റേഷനിൽ നിന്നു വാഹനത്തിൽ കയറ്റി മെഡിക്കൽകോളേജ് ആശുപ്രത്രിയിൽ കൊണ്ടുപോയിരുന്നു.