
തിരുവനന്തപുരം: പാളയത്തെ തന്റെ വീട്ടിലേക്ക് അച്ഛനെ ചുറ്റിപ്പിടിച്ച് ആ പന്ത്രണ്ടുകാരി വന്ന ദിവസം ഇപ്പോഴും ഒ.വി.ആർ മാഷിന്റെ മനസിലുണ്ട്. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയെ ആദ്യമായി സിനിമയിൽ പാടിച്ച സംഗീത സംവിധായകൻ ഒ.വി. റാഫേൽ തിരുവനന്തപുരം മണികണ്ഠേശ്വരത്തെ വീട്ടിലിരുന്ന് മനസ് തുറന്നു.
'ഞാനന്ന് ആകാശവാണിയിൽ ക്യാഷ്വൽ മ്യൂസിക് കമ്പോസറാണ്. മിനി കോറലിൽ പാടാൻ ചിത്രയുണ്ടായിരുന്നു. പറഞ്ഞുകൊടുക്കുന്നത് അതേപടി പാടും. ഒരു ദിവസം തമിഴിൽ അതിശയരാഗങ്ങൾ എന്ന സിനിമയുടെ സംവിധായകൻ മോഹൻരാജും പ്രൊഫ. നാഗപ്പൻനായരും എന്നെ കാണാനെത്തി. മോഹൻരാജ് മലയാള സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. പേര് - നീലാംബരി. സിനിമയിൽ ഒരു ഗാനമേയുള്ളൂ. നായികയുടെ 12-ാം വയസിൽ പാടുന്ന ആ ഗാനം ഒ.വി.ആർ ചിട്ടപ്പെടുത്തണം". 'ജ്യോതിസ്സേ.... ദിവ്യജ്യോതിസ്സേ..." എന്ന് തുടങ്ങുന്ന വരികളെഴുതിയത് നാഗപ്പൻനായർ. കുട്ടികളുടെ ശബ്ദത്തിൽ പാടുമെന്നതിനാൽ ജാനകിയെ വിളിക്കാമെന്നായിരുന്നു മോഹൻരാജ് പറഞ്ഞത്.
'ആകാശവാണിയുടെ മിനി കോറലിൽ നന്നായി പാടുന്നൊരു കുട്ടിയുണ്ട്, ചിത്ര. അവളുടെ പ്രായവും പന്ത്രണ്ടാണ്" - ഒ.വി.ആറിന്റെ ഇഷ്ടത്തിന് മോഹൻരാജ് കൈകൊടുത്തു. തുടർന്ന് ചിത്രയുടെ കരമനയിലെ വീട്ടിലെത്തി അച്ഛൻ കൃഷ്ണൻനായരോട് കാര്യം പറഞ്ഞു. സിനിമയിൽ പാടിയ മകൾ ബീനയുടെ മുഖത്തേക്കാണ് കൃഷ്ണൻനായർ നോക്കിയത്. എന്നാൽ ചിത്രയെക്കൊണ്ട് പാടിക്കാമെന്ന് പറഞ്ഞപ്പോൾ നിറ ചിരിയും അത്ഭുതവുമായി അവൾ അച്ഛനരികിലുണ്ടായിരുന്നു!
റെക്കോഡിംഗ് ചിത്രലേഖ സ്റ്റുഡിയോയിൽ
അടൂർ ഗോപാലകൃഷ്ണൻ പങ്കാളിയായ ആക്കുളത്തെ ചിത്രലേഖ സ്റ്റുഡിയോയിലായിരുന്നു റെക്കോഡിംഗ്. 'റിഹേഴ്സലിനായെത്തിയ കൃഷ്ണൻനായർ മകളെ ചേർത്തുപിടിച്ച് എന്റെ വീട്ടിലെ തിരുഹൃദയത്തിനു നേരെ നോക്കി പ്രാർത്ഥിച്ചത് ഒ.വി.ആർ ഇപ്പോഴും ഓർക്കുന്നുണ്ട്. എന്നാൽ ചിത്രം 'നീലാംബരി" റിലീസായില്ല. ഒ.വി.ആറിന്റെ ആ നിരാശ മാഞ്ഞുപോകുന്നത് മകൻ റോണി റാഫേൽ ചിട്ടപ്പെടുത്തിയ സിനിമാഗാനങ്ങൾ ചിത്രയുടെ ശബ്ദത്തിൽ കേൾക്കുമ്പോഴാണ്. 2004ൽ റിലീസായ കല്യാണ കുറിമാനം മുതൽ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം വരെ റോണി സംഗീത സംവിധാനം നിർവഹിച്ച ചിത്രങ്ങളിൽ ചിത്രയുടെ സ്വരമാധുര്യം നിറയുന്നു. തന്നെ ഗാനലോകത്തേക്ക് കൈപിടിച്ച ഒ.വി. റാഫേലിന്റെ ആത്മകഥയായ 'ദീപമേ.... ശാശ്വത ദീപമേ...." 20 ന് തിരുവനന്തപുരത്ത് കെ.എസ്. ചിത്ര പ്രകാശനം ചെയ്യും.