
പാറശാല: പാറശാല ആശുപത്രി ജംഗ്‌ഷനിൽ നിന്നു ചെറുവാരക്കോണത്തേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. പാറശാലയെ തീരദേശ മേഖലയുമായും കാരോട് - കഴക്കൂട്ടം ബൈപ്പാസ് റോഡുമായും ബന്ധിപ്പിക്കുന്നതിനാൽ ഏറെ പ്രാധാന്യം അർഹിക്കുന്ന പാതയാണ് ഇത്തരത്തിൽ തകർന്നുകിടക്കുന്നത്. റോഡ് ടാർ ചെയ്തെങ്കിലും മാസങ്ങൾക്കുള്ളിൽത്തന്നെ റോഡ് തകർന്നു. പരാതിയുമായി നാട്ടുകാർ രംഗത്തെത്തുകയും അധികൃതർ പലതവണ കുഴികൾ അടച്ചെങ്കിലും നിലവാരമില്ലാത്ത നിർമ്മാണം കാരണം ആഴ്ചകൾക്കുള്ളിൽത്തന്നെ വീണ്ടും റോഡ് തകരുകയായിരുന്നു. ഇതോടെ തകർന്ന റോഡിലൂടെ ഏറെ പണിപ്പെട്ടാണ് നാട്ടുകാർ യാത്ര ചെയ്യുന്നത്.
മലിനജലവും
അശാസ്ത്രീയവും നിലവാരമില്ലാത്തതുമായ റോഡ് നിർമ്മാണമാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഒപ്പം അമിതഭാരവുമായി എത്തുന്ന ചരക്ക് വാഹനങ്ങളുടെ നെട്ടോട്ടവും കാരണമായി പറയുന്നു. റോഡി വശത്തെ ഓടയിൽ മണ്ണും മാലിന്യവും വീണ് അടഞ്ഞതോടെ റോഡിലൂടെ ഒഴുകിയെത്തുന്ന മാലിനജലം ഈ കുഴികളിൽ കെട്ടിക്കിടക്കുകയാണ്. കുണ്ടും കുഴികളും നിറഞ്ഞ റോഡിൽ മലിനജലവും കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ ജനം വലയാൻ തുടങ്ങി.
അപകടാവസ്ഥയിൽ
വലിയ വാഹനങ്ങൾ വരുമ്പോൾ ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ജീവൻ പണയം വച്ചാണ് ഇവരുടെ യാത്ര. ഒന്ന് തെറ്റിയാൽ കുഴിയിൽ വീഴും. കുഴിയിലും മലിനജലത്തിലും വീഴാതെ വളരെ പണിപ്പെട്ടാണ് കാൽനട, ഇരുചക്ര വാഹന യാത്രക്കാർ കടന്നുപോകുന്നത്. നാട്ടുകാർ പലതവണ പരാതികൾ സമർപ്പിച്ചെങ്കിലും പി.ഡബ്ളിയു.ഡി വക റോഡ് ആയതിനാൽ പഞ്ചായത്ത് അധികൃതരും തിരിഞ്ഞുനോക്കാറില്ല.
പാലവും അപകടത്തിൽ
ഈ റോഡിൽ തന്നെ മഹാദേവർ ക്ഷേത്രത്തിനു സമീപത്തായി റോഡിന് കുറുകെയുള്ള പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ കഴിഞ്ഞു. പാലത്തിന്റെ കോൺക്രീറ്റ് തകർന്ന് കമ്പികൾ ദ്രവിച്ച് ഏത് നിമിഷവും തകർന്നുവീഴാവുന്ന നിലയിലാണ്. അമിതഭാരം കയറ്റിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നതിന് പി.ഡബ്ളിയു.ഡി യിലെ റോഡ് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെയും ബൈപ്പാസ് റോഡിന്റെയും നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള കൂറ്റൻ യന്ത്രങ്ങളും നിർമ്മാണ സാമഗ്രികളുമായി ഈ വഴിപോകുന്നത് പതിവാണ്.