
നടപ്പാക്കുന്നത് കൊച്ചി മോഡൽ
തിരുവനന്തപുരം: നഗരത്തിലെ വീടുകളിൽ നിന്ന് ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ളാസ്റ്റിക്ക് മാലിന്യം സൂക്ഷിക്കാൻ കണ്ടെയ്നറുകളുമായി നഗരസഭ. നിലവിൽ സൂക്ഷിക്കുന്ന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകൾക്ക് പുറമെയാണിത്. ഷെഡ്ഡുകളായോ കെട്ടിടങ്ങളായോ എം.സി.എഫ് കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് സ്ഥലപരിമിതി വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിലാണ് കണ്ടെയ്നറുകൾ അജൈമാലിന്യ ശേഖരണത്തിന് സ്ഥാപിക്കുന്നത്.കൊച്ചി നഗരസഭ സ്ഥാപിച്ച് വിജയിച്ചതിന് പിന്നാലെയാണ് കണ്ടെയ്നർ എം.സി.എഫുകൾ സ്ഥാപിക്കാൻ നഗരസഭ ഒരുങ്ങുന്നത്. ഭരണസമിതിക്ക് താത്പര്യമില്ലാത്ത പദ്ധതിയായിരുന്നു. ഉദ്യോഗസ്ഥ സമ്മർദ്ദം ഏറിയപ്പോഴാണ് ഭരണസമിതി പദ്ധതിയുമായി മുന്നോട്ടു പോയത്.
ആദ്യ ഘട്ടത്തിൽ 16 എണ്ണം
20 അടി മുതൽ 40 അടി വരെയുള്ള കണ്ടെയ്നറുകൾ സ്ഥാപിക്കാൻ ഒത്തിരി സ്ഥലം വേണ്ട.അടച്ചുമൂടി കഴിഞ്ഞാൽ മാലിന്യത്തിൽ നിന്ന് ദുർഗന്ധം പുറത്തേക്ക് വരില്ല. ആദ്യഘട്ടത്തിൽ 16 ഇടങ്ങളിലാണ് കണ്ടെയ്നറുകൾ സ്ഥാപിക്കുന്നത്.സ്ഥലങ്ങൾ കണ്ടെത്തുന്നതിനുള്ള സർവേകൾ പുരോഗമിക്കുകയാണ്.എല്ലാ വാർഡിലും ഒരു എം.സി.എഫ് കേന്ദ്രം വേണമെന്നാണ് സർക്കാർ ചട്ടം.എന്നാൽ നഗരസഭയ്ക്ക് എല്ലാ വാർഡുകളിലും എം.സി.എഫ് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. പലയിടത്തും സ്ഥലപരിമിതിയാണ് വെല്ലുവിളി. ചിലയിടത്ത് പ്രദേശവാസികളുടെ എതിർപ്പും പദ്ധതിക്ക് വെല്ലുവിളിയായി. കണ്ടെയ്നർ എം.സി.എഫിന്റെ പ്രത്യേകത തന്നെ ഏത് നിമിഷം വേണമെങ്കിലും ഇത് ആ സ്ഥലത്ത് നിന്ന് മാറ്റാനാകും എന്നതാണ്.
കണ്ടെയ്നർ വിതരണത്തിന് രണ്ട് കമ്പനികൾ
കണ്ടെയ്നർ വിതരണത്തിന് വേണ്ടിയുള്ള ടെൻഡർ നടപടികൾ പൂർത്തിയായി.കൊച്ചി,മുംബയിൽ നിന്നുള്ള കമ്പനികളാണ് കണ്ടെയ്നറുകൾ എത്തിക്കുന്നത്.തുറമുഖത്ത് ഉപയോഗിച്ച് പഴകിയ കണ്ടെയ്നറുകളാണ് ഇവർ വിതരണം ചെയ്യുന്നത്.20 അടി നീളമുള്ള കണ്ടെയ്നറിന് മൂന്ന് ലക്ഷം രൂപയും 40 അടി നീളമുള്ള കണ്ടെയ്നറിന് 2.3 ലക്ഷം രൂപയ്ക്കാണ് വാങ്ങുന്നത്.ആദ്യ ഘട്ടത്തിൽ എട്ടെണ്ണം വീതം 40 അടിയുടെയും 20 അടിയുടെയും കണ്ടെയ്നറുകൾ നഗരത്തിലെത്തിക്കും.നൂറ് വാർഡിലും സ്ഥലം കണ്ടെത്തിയ ശേഷം ബാക്കിയുള്ളവയും കൂടിയെത്തിക്കും.കണ്ടെയ്നർ സ്ഥാപിക്കുന്നതിനുള്ള വർക്ക് ഓർഡർ ഇന്ന് നൽകും.
ക്യാമറ സ്ഥാപിക്കും
കണ്ടെയ്നറുകൾക്ക് ചുറ്രും മാലിന്യം കൊണ്ടിടുന്നത് തടയാൻ ക്യാമറ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. കൗൺസിൽ അംഗീകാരം ലഭിച്ചാൽ അത് നടപ്പാക്കാനാണ് സാദ്ധ്യത.