
കെ.പി. വിശ്വനാഥൻ അസാധാരണമായ മനക്കരുത്തുള്ള, ധീരനും ജന്രപിയനുമായ നേതാവായിരുന്നു. കരുണാകരനു ശേഷം തൃശ്ശൂരിലെ കോൺഗ്രസിന് കരുത്തുണ്ടാക്കിയ ഏറ്റവും പ്രമുഖനായ വ്യക്തിയായിരുന്നു. കെ.എസ്.യു രാഷ്ട്രീയകാലം മുതൽക്കേ ഞങ്ങൾ തമ്മിൽ അടുപ്പമുണ്ട്. പിന്നീട് യൂത്ത് കോൺ്രഗസിലും കോൺഗ്രസിലും പ്രവർത്തിച്ച അദ്ദേഹം എന്നും കരുത്തനായ പോരാളിയായിരുന്നു. പാർട്ടിക്കകത്തും പുറത്തും അത് ദൃശ്യമായി. സാഹസികതയും ചങ്കൂറ്റവുമാണ് അദ്ദേഹത്തെ പോരാളിയാക്കിയത്. പ്രത്യാഘാതമെന്തായാലും തനിക്കു ശരിയെന്ന് തോന്നുന്ന കാര്യങ്ങൾക്കു വേണ്ടി ആരുമായും ഏറ്റുമുട്ടാൻ മടികാട്ടിയില്ല.
പാർട്ടിക്കുണ്ടാകുന്ന എല്ലാ പ്രതിസന്ധികളിലും പ്രവർത്തകർക്കും ജനങ്ങൾക്കുമൊപ്പം വിശ്വനാഥൻ നിലയുറപ്പിച്ചു. വിജയം എളുപ്പമല്ലാത്ത കമ്മ്യൂണിസ്റ്റ് കോട്ടയായ കുന്നംകുളത്തു നിന്നാണ് അദ്ദേഹം ആദ്യം മത്സരിച്ചു ജയിച്ചത്. പിന്നീട് വീണ്ടും കുന്നംകുളത്തും പുതുക്കാട്ടു നിന്നും ജയിച്ചു. എം.എൽ.എ എന്ന നിലയിൽ അദ്ദേഹം ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും വേണ്ടി നിരന്തരമായി പരിശ്രമിച്ചിരുന്നു.
ഞാൻ കെ.പി.സി.സി പ്രസിഡന്റ് ആയിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും അപ്രിയമായ കാര്യങ്ങൾ പലതും വിശ്വനാഥൻ തുറന്നു പറയുമായിരുന്നു. നിശിതമായി വിമർശിക്കുകയും ചെയ്യും. എ.സി ജോസിന്റെ വീടിന്റെ ടെറസിൽ ഞങ്ങൾ ഇടയ്ക്കിടെ ഒത്തുകൂടുമായിരുന്നു. നിലപാടുകളെയും ശൈലിയെയും പറ്റിയുള്ള വിമർശനങ്ങൾ ഞങ്ങളെ ശക്തരും ഉൾക്കരുത്തുള്ളവരുമാക്കി. അന്ന് ഏറ്റവും കൂടുതൽ വിമർശനം നേരിട്ടയാൾ ഞാനായിരുന്നു. വിമർശനങ്ങളുടെ പേരിൽ വ്യക്തിവിരോധം കാട്ടാതെ പോസിറ്റീവായി എടുക്കുന്ന തലമുറയായിരുന്നു ഞങ്ങളുടേത്. സ്തുതിപാഠക ശൈലിയിലൂടെയല്ല ഞങ്ങൾ വന്നത്. യൂത്ത് കോൺഗ്രസ് കാലത്തും പിന്നീടും നിലപാടുകളുടെ പേരിൽ ആരെയും എതിർക്കാനുള്ള കരുത്ത് അത്തരം വിമർശനങ്ങൾ നൽകിയിരുന്നു.
സ്‌നേഹ സമ്പന്നനായ അദ്ദേഹം സുഹൃത്തുക്കൾക്കു വേണ്ടിയും തന്നെ ഇഷ്ടപ്പെടുന്ന ആൾക്കാർക്കു വേണ്ടിയും എന്തും ചെയ്യാൻ തയ്യാറായിരുന്നു. അദ്ദേഹത്തിന്റെ മനസിനൊത്ത ഭാര്യയായിരുന്നു ലളിത. ആർക്കും മുന്നിലും ആ വീടിന്റെ വാതിലുകൾ അടഞ്ഞിരുന്നില്ല. വ്യക്തിപരമായി ഒരുപാട് തിരിച്ചടികളും അപവാദങ്ങളും നേരിട്ട കുടുംബമായിരുന്നു അത്. കെട്ടുകഥകളുണ്ടാക്കി അദ്ദേഹത്തെ ഒരുപാട് ആൾക്കാർ വേദനിപ്പിച്ചു. രണ്ടുതവണ അദ്ദേഹം വനം മന്ത്രിയായി. ആദ്യം കരുണാകരൻ മന്ത്രിസഭയിലും പിന്നീട് ഉമ്മൻ ചാണ്ടി മന്ത്രിസഭയിലുമെത്തി. വനം വകുപ്പിനെ ശുദ്ധീകരിക്കാൻ മാഫിയകൾക്കെതിരായ അദ്ദേഹത്തിന്റെ ധീരമായ പ്രവർത്തനം ഒരുപാട് ശത്രുക്കളെ ഉണ്ടാക്കി. അതായിരിക്കാം ആദ്ദേഹത്തിനെതിരായ ആദ്യ കേസിന് വഴിതെളിച്ചത്. കോടതി അദ്ദേഹത്തിനെതിരായി കമന്റ് പറഞ്ഞപ്പോൾ രാജിവച്ചു. എന്നാൽ സുപ്രീം കോടതി, അദ്ദേഹം നിരപരാധിയാണെന്ന് വിധിച്ചു. മന്ത്രിയെന്ന നിലയിൽ പ്രഗത്ഭനായിരുന്ന അദ്ദേഹം ഏൽപ്പിക്കുന്ന ചുമതലകൾ വളരെ ധൈര്യപൂർവം നിറവേറ്റി. വനം വകുപ്പിനെ ശുദ്ധീകരിക്കാനും നവീകരിക്കാനും വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്തു.
പാർട്ടിയിലെ സഹപ്രവർത്തകർക്ക് അദ്ദേഹം ഒരു സുഹൃത്തായിരുന്നു. നിലപാടുകൾ ഉള്ളതുകൊണ്ടുതന്നെ ഒരുഭാഗത്ത് നിൽക്കേണ്ടി വന്നു. സംഘടനയ്ക്കകത്തും പുറത്തും, എതിർക്കുന്നവർക്കിടയിലും അദ്ദേഹം എല്ലാവരുടെയും പ്രിയപ്പെട്ട വിശ്വേട്ടനായിരുന്നു. സഹപ്രവർത്തകരെയും ജനങ്ങളെയും സ്‌നേഹിക്കാൻ ജീവിതം ഉഴിഞ്ഞുവച്ച മാതൃകാ പൊതുപ്രവർത്തകനായിരുന്നു.
വർഷങ്ങൾകൊണ്ട് വളർന്ന, പരസ്പര വിശ്വാസത്തിലൂടെ കെട്ടിപ്പടുത്ത ഒരു സുഹൃത്തിനെയാണ് എനിക്കു നഷ്ടമായത്. തൃശ്ശൂരിലെ കോൺഗ്രസ് പ്രവർത്തകർക്ക് വിശ്വേട്ടനെ നഷ്ടപ്പെട്ടിരിക്കുന്നു. രോഗം കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽപ്പോലും തളരാതെ സജീവമായി രാഷ്ട്രീയ കാര്യങ്ങൾ നിരീക്ഷിച്ചിരുന്നു. കെ.പി. വിശ്വനാഥന്റെ ആരോഗ്യ നില കഴിഞ്ഞ കുറെ നാളുകളായി മോശമായിരുന്നു. എങ്കിലും ഫോണിൽ സംസാരിക്കുമ്പോൾ അസാമാന്യമായ മനക്കരുത്തും ചങ്കൂറ്റവും അദ്ദേഹത്തിനുണ്ടായിരുന്നു. തമാശകളും പങ്കുവച്ചിരുന്നു. ഇന്നലെ രാവിലെ ഇടിത്തീ പോലെയാണ് മരണവാർത്ത കേട്ടത്. ആത്മസൃഹൃത്തിന്റെ വേർപാടിൽ അഗാധമായ ദു:ഖമുണ്ട്. ഭാര്യയോടും മക്കളോടും അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തുന്നു.