പേരൂർക്കട: വഴയില ഭാഗത്ത് കഴിഞ്ഞ ദിവസമുണ്ടായ കാർ അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ പേരൂർക്കട പൊലീസ് ശേഖരിച്ചു. മേനംകുളത്തെ ക്യാമ്പിൽ നിന്ന് പേരൂർക്കട എസ്.എ.പി ക്യാമ്പിൽ ദിവസങ്ങൾക്കു മുമ്പ് ചാർജ്ജെടുത്ത ഒരു പൊലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറാണ് രണ്ട് ഇരുചക്ര വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചശേഷം കുഴിയിലേക്ക് പതിച്ചത്. ഡ്യൂട്ടി കഴിഞ്ഞശേഷം പേരൂർക്കടയിൽ നിന്ന് കരകുളത്തെ തന്റെ വീട്ടിലേക്ക് പോവുകയായിരുന്നു ഉദ്യോഗസ്ഥൻ. ഉറങ്ങിപ്പോയതാണ് അപകടകാരണം. കാർ കുഴിയിലേക്ക് മറിഞ്ഞതിനെത്തുടർന്ന് നിസാര പരിക്കേറ്റ ഇദ്ദേഹം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്. കാർ നിയന്ത്രണംവിട്ട് കുഴിയിലേക്ക് വീണെങ്കിലും മറ്റാർക്കും പരിക്കേറ്റിട്ടില്ല. കാറിൽ പൊലീസ് ഉദ്യോഗസ്ഥൻ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവർസീറ്റിൽ നിന്ന് ഒരു പൊലീസ്‌തൊപ്പി കണ്ടെത്തിയെന്നും വാഹനം ഓടിച്ചിരുന്നയാൾ താൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് നാട്ടുകാരോട് പറഞ്ഞിരുന്നെന്നും പേരൂർക്കട പൊലീസ് അറിയിച്ചു. തുടർന്നാണ് ഉടമയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിക്കുന്നതും നിജസ്ഥിതി കണ്ടെത്തുന്നതും.