mv-govindhan

തിരുവനന്തപുരം: പ്രകോപനമുണ്ടാക്കുന്നത് ഗവർണറാണെന്നും ഇനിയും കരിങ്കൊടി കാണിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കാലാവധി കഴിയുമ്പോൾ സംഘപരിവാർ പട്ടികയിൽ കടന്ന് വരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നടപടികളെന്നും ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രതിഷേധം ഇനിയും തുടരും. ഉൾക്കൊള്ളാനുള്ള മനസാണ് ഗവർണർ കാട്ടേണ്ടത്. പ്രതിഷേധക്കാർക്കെതിരെ അദ്ദേഹത്തിന്റെ പരാമർശങ്ങൾ സാധാരണ പൗരനു പോലും യോജിച്ചതല്ല. സർക്കാരിനെതിരേയും ജനങ്ങൾക്കെതിരേയും ചെയ്യുന്ന കാര്യങ്ങൾ ഗവർണർ പദവിക്കു ചേർന്നതാണോയെന്നും പരിശോധിക്കണം. സർവകലാശാലകളിൽ സംഘപരിവാർ ബന്ധമുള്ളവരെ തിരുകിക്കയറ്റുകയാണ്. എല്ലാവരുടെയും നോമിനേഷൻ കോടതി സ്റ്റേ ചെയ്യണം. കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന ഗവർണറുടെ സുരക്ഷിതത്വം സർക്കാർ ഉറപ്പാക്കും.
കാലിക്കറ്റിൽ കോൺഗ്രസുകാരെയും ലീഗുകാരെയും ഉൾപ്പെടുത്താൻ അവർ ഗവർണർക്കു പട്ടിക കൊടുത്തോയെന്നു വ്യക്തമാക്കണം. തർക്കം പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയെ ബാധിക്കില്ല. ഗവർണർ ഭരണഘടനാ ബാദ്ധ്യത പാലിക്കുമെന്നാണു കരുതുന്നത്. അല്ലെങ്കിൽ ഗവർണർ ഉണ്ടാകില്ല. ചലച്ചിത്ര മേള വിജയകരമായിട്ടാണ് നടന്നത്. ഇതിനിടെ ചില കാര്യങ്ങളൊക്കെയുണ്ടായി. അതു പരിശോധിക്കും.

അപവാദ പ്രചാരണം

ജനം തള്ളിക്കളയും

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം ജനങ്ങളിലെത്തിക്കാൻ നവകേരള സദസിനായെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര അവഗണന സംസ്ഥാനത്ത് പ്രതിസന്ധിയുണ്ടാക്കുന്നെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ടി.എൻ പ്രതാപനടക്കം പാർലമെന്റിലും ഇക്കാര്യം അവതരിപ്പിച്ചിട്ടുണ്ട്. നവകേരള സദസിന്റെ വിജയം കണ്ടാണ് തുടർച്ചയായ അപവാദ പ്രചാരണങ്ങൾ നടത്തുന്നത്. ബി.ജെ.പി തുടങ്ങിവച്ചത് കോൺഗ്രസും ഏറ്റെടുത്തിരിക്കുന്നു. ഇപ്പോൾ ശബരിമലയിലെ തിരക്കാണ് അപവാദപ്രചാരണത്തിന് ഉപയോഗിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തിരക്കിന്റേതായ ചില പ്രശ്നങ്ങൾ ഉണ്ടായി. പരിഹാരവും കണ്ടിട്ടുണ്ട്. കാണിക്ക ഇടരുതെന്നാണ് ഇപ്പോഴത്തെ പ്രചാരണം. എല്ലാം ജനം തള്ളിക്കളയും.

തോമസ് ഐസക്കിനെതിരായ സമൻസ് ഇ.ഡിക്ക് നിരുപാധികം പിൻവലിക്കേണ്ടി വന്നത് സുപ്രീംകോടതി ഇടപെടൽ മൂലമാണ്. കേന്ദ്രത്തിനെതിരെ യോജിച്ചുള്ള സമരം തുടങ്ങണമെന്ന ആശയം നവകേരള സദസിന്റെ ഉത്പന്നമാണ്.