mla

നെയ്യാറ്റിൻകര: 30, 31, ജനുവരി 1 തീയതികളിൽ നടക്കുന്ന ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് അരുവിപ്പുറം ക്ഷേത്രത്തിൽ എത്തിച്ചേരുന്ന തീർത്ഥാടകർക്ക് വിപുലമായ സൗകര്യങ്ങളൊരുക്കുമെന്ന് അധികൃതർ. വനിതാ പൊലീസ് അടക്കം 100ഓളം സേനയെ ക്ഷേത്ര പരിസരത്തും കൊടുതൂക്കി മലയിലുമായി വിന്യസിക്കും. പൊലീസ് വകുപ്പിന്റെ പ്രത്യേക കൺട്രോൾ പ്രവർത്തിക്കും. പട്രോളിംഗും നടത്തും. ലഹരി ഉപയോഗം തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ പരിശോധന ക്ഷേത്ര പരിസരത്തുണ്ടാകും. നദിക്കരയിൽ ഫയർ ഫോഴ്സിന്റെ പ്രത്യേക വിംഗും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അലോപ്പതി, ആയുർവേദം, ഹോമിയോ ചികിത്സാ വിഭാഗങ്ങളും പ്രവർത്തിക്കും. 24 മണിക്കൂർ പ്രവർത്തിക്കുന്ന ആംബുലൻസ് സൗകര്യത്തോടുകൂടിയ ഒരു മെഡിക്കൽ ടീം ക്ഷേത്രാങ്കണത്തിൽ സജ്ജമായിരിക്കും. വൈദ്യുതി, കുടിവെള്ളം ലഭ്യത ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ 25 മുതൽ പ്രവർത്തനം ആരംഭിക്കും. റവന്യു വകുപ്പായിരിക്കും വിവിധ വകുപ്പുകളുടെ ഏകീകരണം നടത്തുന്നത്. കേരള ബാങ്കിന്റെ എക്സ്റ്റഷൻ കൗണ്ടർ വഴിയായിരിക്കും തീർത്ഥാടന ദിവസങ്ങളിൽ വഴിപാട് രസീതുകൾ കൈകാര്യം ചെയ്യുന്നത്. 24 മുതൽ ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ ഗുരുപൂജ പന്തലിൽ നിന്നായിരിക്കും പ്രസാദവിതരണം. ഒരു ദിവസം ഇരുപത്തിഅയ്യായിരം പേർക്ക് ഗുരുപൂജ പ്രസാദം തയ്യാറാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.ആൻസലൻ എം.എൽ.എ, മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ഡെപ്യൂട്ടി കളക്ടർ സഞ്ജയ് ജേക്കബ് ജോൺ, നെയ്യാറ്റിൻകര തഹസിൽദാർ അരുൺ, നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രജികുമാർ, എസ് .എസ് ശ്രീരാഗ് , സി. സുജിത്ത് മറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.