prabhashana-parambara

ശിവഗിരി: ഗുരുദേവന്റെ ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും ഹൃദയങ്ങളിലും എത്തണമെന്ന സന്ദേശം ഉൾകൊണ്ട് ഗുരുദേവ ഭക്തർ ഉപാസനയിലൂടെ മുന്നേറണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി തീർത്ഥാടനകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ആരംഭിച്ച പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യരെല്ലാം ആഗ്രഹിക്കുന്നത് സുഖമാണ്. നിശ്ചിതമായ ഉപാസന ചെയ്യുന്നവർക്ക് ആത്മപ്രകാശം നേടി സുഖം നേടാനാകുമെന്ന് ഗുരുദേവൻ ഉപദേശിച്ചിട്ടുണ്ട്. മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന തത്വം ആദ്ധ്യാത്മികമാണ്. ആത്മീയതയിൽ അടിയുറച്ച് സാമൂഹികമായും പുരോഗതി നേടണമെന്നതാണ് ഗുരുദർശനം. ക്രൈസ്തവ, ഇസ്ലാം ജനവിഭാഗങ്ങൾ ആത്മീയതയിലൂടെ മുന്നേറി സംഘടിതശക്തിയാർജ്ജിച്ചിട്ടുളളത് മറ്റുളളവരും മാതൃകയാക്കണം. ഗുരുദേവനെ പ്രത്യക്ഷ ദൈവമായി കണ്ടുകൊണ്ട് ദിവസവും സാധനയ്ക്കായി കുറേ സമയം ഭക്തർ നീക്കി വയ്ക്കണം. ശിവഗിരി തീർത്ഥാടനം അർത്ഥപൂർണ്ണമാകുന്നത് ആത്മീയ പുരോഗതി നേടുന്നതിലൂടെയാണ്. അപ്രകാരമാണ് അറിവിന്റെ തീർത്ഥാടനം ജീവിത സുഗന്ധിയാകുന്നതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു.

വി. ജോയ് എം. എൽ. എ മുഖ്യാതിഥിയായിരുന്നു. ഇരുക്കൂർ എം. എൽ. എ സജി ജോസഫ്, അടൂർ പ്രകാശ് എം. പി എന്നിവർ ആശംസകൾ നേർന്നു. ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ജോയിന്റ് സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തിഅഡ്വ. പി .എം. മധു, സജീവ് സഹദേവൻ, ശ്രീജ (മാതൃസഭ), എസ്. സുരേഷ് പ്ലാവഴികം എന്നിവർ സംസാരിച്ചു.

ഇന്ന് സർവ്വമതസമ്മേളനത്തെ കുറിച്ച് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ഗുരുധർമ്മപ്രബോധനം നടത്തും. അനിൽ തടാലിൽ, പുത്തൂർ ശോഭനൻ എന്നിവർ സംസാരിക്കും.

ഫോട്ടോ: ശിവഗിരി തീർത്ഥാടനകാലത്തിന് തുടക്കം കുറിച്ചു കൊണ്ട് ആരംഭിച്ച പ്രഭാഷണ പരമ്പര സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു.