paippsari

മുടപുരം: മുടപുരം -മുട്ടപ്പലം റോഡിലെ മുട്ടപ്പലം പാലം ഗുരുകുലം ജംഗ്ഷനിൽ റോഡിനടിയിലെ പൊട്ടിയ കുടിവെള്ളപൈപ്പ് നന്നാക്കി. ഇന്നലെ രാവിലെ കേരള വാട്ടർ അതോറിട്ടിയിലെ കരാർ തൊഴിലാളികളാണ് പൊട്ടിയ പൈപ്പ് ശരിയാക്കിയത്. ഒരാഴ്ച കഴിഞ്ഞിട്ടും പൊട്ടിയ പൈപ്പ് നന്നാക്കുന്നില്ലെന്ന് കാണിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇത് ശ്രദ്ധയിൽ വന്നതോടെയാണ് നടപടി.

പൈപ്പ് പൊട്ടിയ സ്ഥലത്തെ ചെറിയ വിള്ളൽ പിന്നെ ദിവസങ്ങൾ കഴിയും തോറും റോഡിലെ ടാറും മെറ്റലുമിളകി അവിടം വലിയ കുഴിയായി മാറി. വെള്ളം ഒഴുകുന്നതും റോഡ് തകർന്നതും അപകടങ്ങൾക്ക് കാരണമാകാൻ തുടങ്ങിയിരുന്നു. ഇതോടെ നാട്ടുകാർ റോഡിൽ പാഴ്മരങ്ങൾ നട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. പൈപ്പ് പൊട്ടിയ അന്നുതന്നെ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എസ്.വി.അനിലാലും പി. പവനചന്ദ്രനും വാട്ടർ അതോറിട്ടി അധികൃത വിവരം ധരിപ്പിക്കുകയും പൊട്ടിയ പൈപ്പ് നന്നാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും അവർ നന്നാക്കാൻ കൂട്ടാക്കിയില്ല. തുടർന്നാണ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് കേരളകുമുദിയിൽ ഫോട്ടോ സഹിതം വാർത്ത വരുകയും ഗ്രാമ പഞ്ചായത്ത് മെമ്പർമാർ വീണ്ടും വാട്ടർ അതോറിട്ട് അധികൃതരെ നിരന്തരമുന്നറിയിപ്പ് നൽകുകയും ചെയ്തു. തുടർന്നാണ് പൈപ്പ് നന്നാക്കിയത്.