തിരുവനന്തപുരം: പാളയത്തെ സംസം ഹോട്ടലിൽ തീപ്പിടിത്തം. ഇന്നലെ ഉച്ചയ്ക്ക് 2ഓടെയാണ് ഹോട്ടലിന്റെ ചിമ്മിനിയിൽ തീപ്പിടിത്തമുണ്ടായത്. ആളപായമില്ല. പുകക്കുഴലിൽ നിന്ന് അമിതമായി പുക ഉയർന്നതോടെ ഹോട്ടൽ അധികൃതർ ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. എക്‌സ്‌ഹോസ്റ്റ് പ്രവർത്തിക്കുന്ന കുഴലിൽ എണ്ണയും മറ്റ് തീപിടിക്കുന്ന വസ്തുക്കളും ഒട്ടിയ നിലയിലായിരുന്നുവെന്നും ഇതാണ് തീപിടിത്തത്തിന് കാരണമെന്നും അഗ്നിരക്ഷാസേനാംഗങ്ങൾ പറഞ്ഞു.
പനവിളയിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സെത്തി. എന്നാൽ അതിന് മുൻപ് തീ അണഞ്ഞുതുടങ്ങിയിരുന്നു. പുകക്കുഴലിനുള്ളിലേക്ക് വെള്ളം ചീറ്റിച്ചാണ് തീകെടുത്തിയത്.തീപിടിത്തത്തിൽ എ.സിയും കത്തിനശിച്ചതായി കടയുടമ പറഞ്ഞു.പനവിള സ്റ്റേഷൻ ഓഫീസർ രാമമൂർത്തി,അസി.സ്റ്റേഷൻ ഓഫീസർ അനിൽകുമാർ എന്നിവരുൾപ്പെട്ട സംഘം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.