തിരുവനന്തപുരം: 2.180 കിലോ കഞ്ചാവുമായി ഒരു വനിത അടക്കം അന്യസംസ്ഥാന തൊഴിലാളികളായ അഞ്ചുപേർ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ ഗൗതം മണ്ഡൽ, തൻമയി ചൗധരി, ജാർഖണ്ഡ് സ്വദേശികളായ ബൽബീർ കുമാർ മണ്ഡൽ, രൻജോ ദേവി, ഗോകുൽ മണ്ഡൽ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ ഗോകുൽ മണ്ഡലും തൻമയി ചൗധരിയും മുൻ കേസുകളിലെ പ്രതികളാണ്. ജാർഖണ്ഡിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുമ്പോഴാണ് ട്രെയിനിൽ ഇവർ കഞ്ചാവ് കൊണ്ടുവരുന്നത്. ആവശ്യക്കാർക്ക് ചെറുപൊതികളാക്കി കിഴക്കേകോട്ടയടക്കം നഗരത്തിന്റെ വിവിധയിടങ്ങളിൽ വില്പന നടത്തും. ഇവരിൽ നിന്നും അന്യസംസ്ഥാനക്കാരാണ് കൂടുതലും കഞ്ചാവ് വാങ്ങുന്നത്. തിരുവനന്തപുരം എക്സൈസ് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാറും അന്വേഷണത്തിന് നേതൃത്വം നൽകി.