
തിരുവനന്തപുരം: നൃത്തത്തിൽ പരീക്ഷണങ്ങളിലൂടെ വിസ്മയം സൃഷ്ടിക്കുന്ന മലയാളിയായ സിന്ധു ശ്യാം വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരത്തെത്തുന്നു.സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് നാളെ വഴുതക്കാട് ഗണേശത്തിൽ സിന്ധു ശ്യാം നൃത്തം അവതരിപ്പിക്കും. പാലക്കാട് സ്വദേശിയായ സിന്ധു സ്കൂൾ കലോത്സവങ്ങൾ മുതൽ കലാതിലകത്തിലൂടെ ശ്രദ്ധ നേടിയ കലാകാരിയാണ്.ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കുച്ചുപ്പുടിയിലും ഒരേ സമയം കഴിവ് തെളിയിച്ചെങ്കിലും ഭരതനാട്യത്തിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്.നിരവധി മലയാള സീരിയലുകളിൽ നായികയായി അഭിനയിച്ച ഇവർ ഭൂതക്കണ്ണാടി,വാനപ്രസ്ഥം,മഴ,സ്വയംവരപന്തൽ,ഒരു ചെറു പുഞ്ചിരി എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ സിന്ധു പദ്മശ്രീ ചിത്ര വിശേശ്വരന്റെ കീഴിലാണ് പഠനവും വിദേശങ്ങളിൽ ഭരതനാട്യവും അവതരിപ്പിക്കുന്നത്.നിപുണനർത്തകി,നൂപുര കലാരത്ന എന്നീ പദവികൾ നേടിയ സിന്ധു ശ്യാം നിരവധി അവാർഡുകളും നേടിയിട്ടുണ്ട്.വർഷങ്ങൾക്ക് ശേഷമാണ് നാളെ സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി ഗണേശത്തിൽ നൃത്തം അവതരിപ്പിക്കുന്നത്.ഇനി തമിഴിനോടൊപ്പം പഴയതുപോലെ മലയാള സിനിമയിലും സജീവമാകാനാണ് ആഗ്രഹമെന്ന് സിന്ധു പറയുന്നു.