ശംഖുംമുഖം: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ തക്ബീർ ധ്വനികളുടെ അകമ്പടിയോടെ ബീമാപള്ളി ഉറൂസ് മഹാമഹത്തിന് കൊടിയേറി. ജമാഅത്ത് പ്രസിഡന്റ് മാല മാഹീൻ പള്ളി മിനാരത്തിലെ കൊടിമരത്തിൽ പ്രത്യേകം തയറാക്കിയ ഇരുവർണ പതാക ഉയർത്തിയതോടെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉറൂസിന് തുടക്കമായി.
ഇന്നലെ രാവിലെ എട്ടിന് ജവഹർപള്ളി ഇമാം നിസ്താർ മൗലവിയുടെ നേതൃത്വത്തിൽ നടന്ന പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം പള്ളിയങ്കണത്തിൽ നിന്നും പുറപെട്ട പട്ടണപ്രദക്ഷിണം ബീമാപള്ളി, ജോനക പൂന്തുറ, മാണിക്യവിളകം വഴി 10.30ഓടെ ബീമാപള്ളിയിൽ തിരിച്ചെത്തി. തുടർന്ന് ചീഫ് ഇമാം സെയ്യദ് നജുമുദീൻ പൂക്കോയ തങ്ങളുടെ നേതൃത്വത്തിൽ ദർഗ്ഗാ ഷെരീഫിൽ പ്രത്യേക പ്രാർത്ഥന നടന്നു. പ്രാർത്ഥനയ്ക്ക് ശേഷം തക്ബീർധ്വനികളുടെ അകമ്പടിയോടെ ദുബായിൽ നിന്നും എത്തിച്ച ഉറൂസ് പതാകയുമായി ജമാഅത്ത് പ്രസിഡന്റ് ആദ്യം പള്ളിമിനാരത്തിൽ കൊടിയുയർത്തി. തൊട്ടുപിന്നാലെ ജമാഅത്ത് വൈസ് പ്രസിഡന്റ് അബുബേക്കർ രണ്ടാം കൊടിമരത്തിൽ കൊടി ഉയർത്തിയതോടെ ഉറൂസിന് തുടക്കമായി. മേയർ ആര്യാരാജേന്ദ്രൻ, മുൻമന്ത്രി വി.എസ്.ശിവകുമാർ, വാർഡ് കൗൺസിലർമാരായ മിലാനി പെരേര, സുലോചനൻ, എസ്.എം.ബഷീർ, സുധീർഖാൻ,നിസാമുദീൻ, സലീം എന്നിവർ പങ്കെടുത്തു. ഉറൂസിന്റെ ഭാഗമായി പത്ത് ദിവസങ്ങളിൽ രാത്രി 10 മുതൽ മതപ്രഭാഷണങ്ങൾ നടക്കും.