
തിരുവനന്തപുരം: കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഗുണ്ടായിസം കാണിച്ചാൽ അതേരീതിയിൽ പ്രതികരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എല്ലാ കാലത്തും പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കില്ലെന്നും അംഗരക്ഷകരായ പൊലീസ് ക്രിമിനലുകൾ ഓർക്കണം. കെ.എസ്.യു പ്രവർത്തകരെ പൊലീസ് നോക്കിനിൽക്കെയാണ് പിണറായി വിജയന്റെ ഗൺമാനും അംഗരക്ഷകരും ചേർന്ന് വളഞ്ഞിട്ട് മർദ്ദിക്കുന്നത്. മുദ്രാവാക്യം വിളിച്ച രണ്ട് കെ.എസ്.യു നേതാക്കളെ ലോക്കൽ പൊലീസെത്തി പിടിച്ചു മാറ്റിയതിന് ശേഷമാണ് മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന ഗുണ്ടകൾ അഴിഞ്ഞാടിയത്. പൊലീസിലെ കൊടുംക്രിമിനലുകളുടെ കൂട്ടമാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ഗൺമാൻമാരുമെന്നും ഓരോരുത്തരുടേയും ക്രിമിനൽ പശ്ചാത്തലം വ്യക്തമായി അറിയാമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.
ധനപ്രതിസന്ധി രൂക്ഷം
ഇതുവരെ കാണാത്ത രൂക്ഷമായ ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതവും കടമെടുപ്പ് പരിധിയും വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാർ കേന്ദ്ര ധനകാര്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ സി.പി.എമ്മുമായി ചേർന്നുള്ള ഒരു സമരത്തിനും യു.ഡി.എഫില്ല. കിഫ്ബിയും പെൻഷൻ ഫണ്ടുമാണ് സംസ്ഥാനത്തിന് ബാദ്ധ്യത വരുത്തിവച്ചത്. ഇതുണ്ടാകുമെന്ന സി.എ.ജി റിപ്പോർട്ടും പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പും അവഗണിച്ചു.
കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാൻ എല്ലാം കേന്ദ്രമാണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ നോക്കേണ്ട. സർക്കാരിന്റെ ഭാഗത്ത് നിന്നു ഒരു ഏകോപനവും ഇല്ലാതിരുന്നതാണ് ശബരിമലയിലെ പ്രശ്നങ്ങൾക്ക് കാരണം.