തിരുവനന്തപുരം: ഇന്നലെ ശിവഗിരി തീർത്ഥാടനകാലം തുടങ്ങിയതോടെ മഹാസമാധിയിലേക്ക് ഗുരുഭക്തരുടെ തിരക്ക് കൂടി. ഡിസംബർ 30,31, ജനുവരി 1 തീയതികളിലാണ് മുൻകാലങ്ങളിൽ മുഖ്യമായും ശിവഗിരി തീർത്ഥാടനം നടന്നിരുന്നതെങ്കിൽ കൂടുതൽ ഭക്തർക്ക് സൗകര്യപ്രദമായി മഹാസമാധി സന്ദർശിച്ച് പ്രാർത്ഥിക്കാനുള്ള അവസരമൊരുക്കാനാണ് തീർത്ഥാടനകാലം ആരംഭിച്ചത്.

തീർത്ഥാടനത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി നടത്തിയ ക്രമീകരണങ്ങളുടെ അവലോകനം ഇന്നലെ നടത്തി. വി.ജോയി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ മേധാവികൾ യോഗത്തിൽ പങ്കെടുത്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദയും യോഗത്തിൽ പങ്കെടുത്തു. ഇതുവരെയുള്ള ക്രമീകരണങ്ങളിൽ യോഗം തൃപ്തി രേഖപ്പെടുത്തി.