
തിരുവനന്തപുരം:തലസ്ഥാനത്തുണ്ടായ പ്രതിഷേധത്തിന്റെയും അതിക്രമത്തിന്റെയും പശ്ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ കൂട്ടും.
യാത്രകളിലും പരിപാടികളിലും പൊലീസ് ഗവർണർക്ക് സുരക്ഷാ വലയം (റിംഗ് സുരക്ഷ) തീർക്കും. പൈലറ്റ് വാഹനം ഒന്നിൽ നിന്ന് നാലാക്കും. വാഹനവ്യൂഹത്തിനൊപ്പം ദ്രുതകർമ്മ വിഭാഗത്തെ (ക്വിക്ക് റെസ്പോൺസ് ടീം) നിയോഗിക്കും. യാത്രകൾക്ക് മൂന്ന് റൂട്ടുകൾ മുൻകൂട്ടി നിശ്ചയിക്കും. അവ രഹസ്യമായി സൂക്ഷിക്കും. പ്രതിഷേധക്കാരെ ഇന്റലിജൻസ് സഹായത്തോടെ മുൻകൂട്ടി കണ്ടെത്തി കരുതൽ തടങ്കലിലാക്കും. ഗവർണറുടെ പാതയിലുടനീളം കൂടുതൽ പൊലീസിനെ വിന്യസിക്കും. പട്രോളിംഗ് സംഘത്തെയും നിയോഗിക്കും. എല്ലാ ജില്ലകളിലും ഈ സുരക്ഷ ഏർപ്പെടുത്താൻ ജില്ലാ പൊലീസ് മേധാവികളോട് ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് നിർദ്ദേശിച്ചു. ഗവർണർ18ന് രാജ്ഭവനിലെത്തിയ ശേഷം ഡിജിപിയും ചീഫ്സെക്രട്ടറി ഡോ.വി.വേണുവും അദ്ദേഹത്തെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കും.
ഗവർണറുടെ ഇസഡ്-പ്ലസ് സുരക്ഷ രേഖകളിൽ മാത്രമാണെന്നും കമാൻഡോകളും 25സായുധ സേനാംഗങ്ങളുമടക്കം 55 സുരക്ഷാ ഉദ്യോഗസ്ഥർ വേണ്ടിടത്ത് പകുതി പോലുമില്ലെന്നും 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് സുരക്ഷാ സന്നാഹങ്ങൾ പുനഃപരിശോധിച്ചു. ഗവർണറുടെ എ.ഡി.സി ഡോ.അരുൾ ആർ.ബി കൃഷ്ണ ഇന്റലിജൻസ് മേധാവി മനോജ് എബ്രഹാമുമായി ഇന്നലെ ചർച്ച നടത്തി. ഇസഡ് പ്ലസ് സുരക്ഷയൊരുക്കണമെന്ന് എ.ഡി.സി ആവശ്യപ്പെട്ടു. ഇതോടെയാണ് സുരക്ഷ ശക്തമാക്കാൻ തീരുമാനമായത്.രാജ്ഭവനിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും.
തലസ്ഥാനത്ത് സുരക്ഷയൊരുക്കുന്നത് സംബന്ധിച്ച് ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥരുമായി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു ഇന്ന് ചർച്ച നടത്തും. ജനങ്ങളെ വഴിതടഞ്ഞ് ബുദ്ധിമുട്ടിച്ചുള്ള സുരക്ഷ വേണ്ടെന്നാണ് ഗവർണറുടെ നിലപാട്.