
വിഴിഞ്ഞം: വിഴിഞ്ഞത്തിന് സമീപത്തെ പുറംകടലിലൂടെ പോയ നാവികസേനയുടെ പായവഞ്ചി കടൽക്ഷോഭം ചുഴലിക്കാറ്റ് എന്നിവയുടെ മുന്നറിയിപ്പുകളെ തുടർന്നു ഇന്നലെ വൈകിട്ട് വിഴിഞ്ഞം തീരത്ത് അടുപ്പിച്ചു. ഗോവയിൽ നിന്നു ചെന്നൈയിലേക്കു പോയ ഐ.എൻ.എസ്.വി നീൽകാന്ത് ആണ് വിഴിഞ്ഞത്തെ പുതിയ വാർഫിൽ അടുപ്പിച്ചത്. ഒരു മലയാളി ഉൾപ്പെടെ 6 സേനാംഗങ്ങളുള്ള പായവഞ്ചി വിഴിഞ്ഞത്തെ കോസ്റ്റ് ഗാർഡ് ചെറുബോട്ടിന്റെ അകമ്പടിയോടെയാണ് അടുത്തത്. പുറംകടലിൽ നാവികസേനയുടെ കപ്പൽ നങ്കൂരമിട്ടിരുന്നു. പരിശീലന-അഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കപ്പലും പായവഞ്ചിയും യാത്ര തുടങ്ങിയത്. തുറമുഖത്തേക്ക് അടുത്ത വഞ്ചിയെ വിഴിഞ്ഞം തുറമുഖ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ സുരക്ഷിതമായി നങ്കൂരമിടുന്നതിന് സഹായിച്ചു. കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് അടുത്തദിവസം വഞ്ചി തീരം വിടും.