തിരുവനന്തപുരം; ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിലെ ധനു തിരുവാതിര മഹോത്സവം 18 ന് രാവിലെ 10 നും 10.30 നും മദ്ധ്യേയുള്ള ക്ഷേത്ര തന്ത്രി വഞ്ചിയൂർ അത്തിയറമഠം നാരായണരു രാമരുവിന്റെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറി 27 ന് ആറാട്ടോടെ സമാപിക്കും.

രണ്ടാം ഉത്സവ ദിവസം മുതൽ 9-ാം ഉത്സവദിവസം വരെ രാവിലെ 8 ന് സേവാപന്തലിൽ ഓട്ടൻ തുള്ളലും സ്റ്റേജിൽ വിവിധ കലാപരിപാടികളും നടക്കും. 6-ാം ഉത്സവദിവസമായ 23 ന് (സ്വർഗ്ഗവാതിൽ ഏകാദശി ) രാത്രി കഥകളി.

19 മുതൽ 23 വരെ രാവിലെ 10 ന് ഉത്സവബലിയും 18 മുതൽ 24 വരെ രാത്രി 9.30 ന് ശ്രീഭൂതബലിയും നടക്കും. 24 മുതൽ 26 വരെ വൈകിട്ട് 5.15 ന് കാഴ്ചശ്രീബലിയും 22 ന് രാത്രി 10.30 ന് വലിയ ഋഷഭവാഹനത്തിൽ എഴുന്നള്ളത്തും ഉണ്ടാകും. 27 ന് രാവിലെ 5.30 ന് ആർദ്രാദർശനവും തുടർന്ന് ആറാട്ടും.

ഉത്സവ ദിവസങ്ങളിൽ രാവിലെ 7.30 മുതൽ 9.30 വരെയും വൈകുന്നേരം 5.30 മുതൽ 7.30 വരെയും കൊടിമരച്ചുവട്ടിലും ശ്രീഭൂതബലി സമയത്തും കാഴ്‌ച ശ്രീബലി സമയത്തും ക്ഷേത്രാങ്കണത്തിലും പള്ളിവേട്ട കഴിഞ്ഞ് തിരികെ വരുന്ന വീഥിയിലും ആറാട്ട് ദിവസം ക്ഷേത്രത്തിന് ചുറ്റുമുള്ള വീഥിയിലും ക്ഷേത്രമതിലിനകത്തും നിറപറ സമർപ്പിക്കാം.