
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. തെക്ക് കിഴക്കൻ അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴി ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് മഴ ലഭിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും നാളെ പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ട് ഇടിമിന്നലിനും ഈ ജില്ലകളിൽ സാദ്ധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
സ്പാർക്ക് പ്രവർത്തനത്തിൽ തടസമെന്ന് പരാതി
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈകാര്യം ചെയ്യുന്ന സ്പാർക്ക് സോഫ്റ്റ് വെയർ പലർക്കും ലോഗിൻ ചെയ്യാനാകാതെ പ്രവർത്തനം തടസപ്പെട്ടതായി പരാതി. അതേസമയം, ആധാർ ഓഥന്റിക്കേഷൻ നൽകുന്നതിലെ പ്രശ്നമാണ് പരാതിക്കിടയാക്കിതെന്നും സാങ്കേതിക പ്രശ്നങ്ങളില്ലെന്നും ധനവകുപ്പ് വ്യക്തമാക്കി.
കേരളയിൽ നാലുവർഷ ബിരുദ നടത്തിപ്പിൽ രാഷ്ട്രീയ ഇടപെടലെന്ന്
തിരുവനന്തപുരം: കേരള സർവകലാശാലയിൽ നാലു വർഷ ബിരുദ കോഴ്സുകളുടെ നടത്തിപ്പിൽ ഇടതുപക്ഷ അദ്ധ്യാപക സംഘടന നേതാക്കളെ കുത്തിനിറയ്ക്കാൻ ശ്രമം നടക്കുന്നതായി കെ.പി.സി.ടി.എ മേഖലാ കമ്മിറ്റി ആരോപിച്ചു. കോഴ്സുകൾ കണ്ടെത്തുന്നതിനും സിലബസ് തയ്യാറാക്കുന്നതിനും അദ്ധ്യാപകർക്കുള്ള പരിശീലനം നൽകുന്നതിനും ജനറൽ കോ ഓർഡിനേറ്റർ, പ്രത്യേക കോ ഓർഡിനേറ്റർമാരായി അറുപത് പേരെ നിയമിച്ചതിൽ ഭൂരിഭാഗവും ഇടതുപക്ഷ അദ്ധ്യാപക സംഘടന നേതാക്കളാണ്. കോർ കമ്മിറ്റി, റഗുലേഷൻ കമ്മിറ്റി, കരിക്കുലം കമ്മിറ്റി തുടങ്ങി എല്ലാ കമ്മിറ്റികളുടെയും കൺവീനർമാരും ഭൂരിപക്ഷം അംഗങ്ങളും ഇടത് സംഘടനാ നേതാക്കളാണ്. കോ-ഓർഡിനേറ്റർമാരുടെ ലിസ്റ്റ് പിൻവലിച്ച് കഴിവും യോഗ്യതയും സീനിയോറിറ്റിയും ഉള്ള അദ്ധ്യാപകരെ ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ആർ. അരുൺ കുമാർ ആവശ്യപ്പെട്ടു.