കോവളം: ബെെപാസിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ അഞ്ച് വാഹനങ്ങൾക്ക് നാശനഷ്ടം.
ബെെക്ക് യാത്രികയായ യുവതിക്ക് പരിക്കേറ്റു. ഉച്ചകഴിഞ്ഞ് 3 മണിയോടെ ബെെപാസിൽ പാച്ചല്ലൂരിലെ ടോൾ പ്ളാസയിലും പിന്നീട് 6.30ന് പാച്ചല്ലൂർ ചുടുകാട് ക്ഷേത്രത്തിനു സമീപവുമാണ് അപകടങ്ങൾ നടന്നത്. ടോൾ പ്ളാസയിൽ എത്തിയ റിക്കവറി വാൻ പിന്നിലേക്ക് എടുക്കവെ പിന്നിൽ നിന്നെത്തിയ ടിപ്പർ ലോറി റിക്കവറി വാനിന്റെ ഒരു വശത്ത് ഇടിക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖത്തേക്ക് കല്ലുമായെത്തിയ ലോറിയാണ് അപകടമുണ്ടാക്കിയത്.
പാച്ചല്ലൂർ ചുടുകാട് ദേവീക്ഷേത്രത്തിനു സമീപം കോവളം ഭാഗത്തു നിന്ന് തിരുവല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ടാക്സി കാർ ടോൾ നൽകാതെ നിയമം തെറ്റിച്ച് അതേ ദിശയിൽ തന്നെ തിരികെ വരുന്നതിനിടെ എതിരെ വന്ന ബെെക്ക് യാത്രികയെ ഇടിച്ച ശേഷം മറ്റൊരു ഒാട്ടോ ക്യാബിലും ഇടിച്ച് റോഡിലെ ഡിവെെഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
പാപ്പനംകോട് സ്വദേശിയാണ് കാർ ഓടിച്ചത്. പുതിയതുറ സ്വദേശിനിയായ യുവതിക്കാണ് പരിക്കേറ്റത്. യുവതിയെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒാട്ടോ ക്യാബിൽ സഞ്ചരിച്ചവർക്കും നിസാര പരിക്കേറ്റു. മൂന്ന് വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. രണ്ട് സ്ഥലത്തും തിരുവല്ലം പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.