തിരുവനന്തപുരം:മാറുന്ന കാലത്തെ ചുറ്റിപ്പറ്റി ആയിരിക്കും തന്റെ അടുത്ത ചലച്ചിത്രമെന്ന് വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി. 'എന്റെ മനസിലുള്ള പ്രമേയം കാലത്തെ കുറിച്ചുള്ളതാണ്.നമ്മുടെ ബുദ്ധി പറയുന്നതുപോലെ സമയം എന്നത് തീർപ്പായ സംഗതിയല്ല, മറിച്ച് ആപേക്ഷികമാണ്. പ്രപഞ്ചത്തിന് ഭാവിയുണ്ടെന്നു ക്വാണ്ടം ഫിസിക്സ് പറയുന്നു. ഭാവിയെക്കുറിച്ച് എന്തെങ്കിലും ഉൾവിളിയോ ധാരണയോ ഉള്ള ഏതെങ്കിലും വ്യക്തി ചിലപ്പോൾ കാണുമായിരിക്കും. പ്രപഞ്ചത്തിന്റെ നിഗൂഢത അംഗീകരിക്കുന്നവരാണ് ഇന്നത്തെ പുരോഗമന മനുഷ്യർ. ചലച്ചിത്രമേളയുടെ അവസാന ദിനം 'മാസ്റ്റർ ക്ലാസ്സ്' സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌നേഹമില്ലാതെ ജീവിതത്തിന് ഒരു സാദ്ധ്യതയുമില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.'സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് കഥ പറച്ചിൽ. കഥ പറയുന്നതിൽ മാനുഷികത ഉണ്ട്. മൃഗങ്ങൾക്ക് അവരുടെ അപ്പൂപ്പൻമാരുടെയോ അമ്മൂമ്മമാരുടെയോ കഥകൾ പറയാൻ കഴിയില്ല. മനുഷ്യർക്കേ സാധിക്കുകയുള്ളൂ,' അദ്ദേഹം പറഞ്ഞു. നാടകീയ രീതിയിൽ പറയാനായി കഥകൾ ശേഖരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഒരു കെട്ടിടത്തിൽ നിന്ന് ഒരാൾ ചാടാൻ ഉറച്ചു തീരുമാനിച്ചാൽ അതിൽ കഥയില്ല. അയാൾ ചാടുക തന്നെ ചെയ്യും. എന്നാൽചാടണോ വേണ്ടയോ എന്ന ആശയകുഴപ്പമുള്ള ആൾ കഥയാണ്, ' സനൂസി വിശദീകരിച്ചു.
കാലാന്തരത്തിൽ ചില മതങ്ങൾ മൃതിയടയും. മതങ്ങളിൽ ദൈവീകത ഉള്ള കാലത്തോളം അവ അതിജീവിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഒരു മതവും പൂർണ്ണമല്ല. എന്നാൽ എല്ലാ മതങ്ങളിലും ദൈവീകതയുടെ ഒരു സ്പർശം ഉണ്ടെന്ന് തോന്നാറുണ്ട്,' അദ്ദേഹം പറഞ്ഞു.