iffk

തിരുവനന്തപുരം: 28-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം റുസ്യുകെ ഹമാഗുച്ചി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റിന്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ യോഷിയോ കിതഗവ കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുണിൽ നിന്ന് അവാർഡ് സ്വീകരിച്ചു.

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് അടൂർ ഗോപാലകൃഷ്ണനിൽ നിന്ന് പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും സൺഡേയുടെ സംവിധായകൻ ഷോക്കിർ കോലിഖോവിനാണ്. ഉസ്ബക്കിസ്ഥാൻകാരനാണ് കോലിഖോവ്. പുരസ്കാരംചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് സമ്മാനിച്ചു.

മലയാള ചിത്രമായ 'തടവ് ' ആണ് പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ആനന്ദ് ഏകർഷി സംവിധാനം ചെയ്ത 'ആട്ടം' സ്വന്തമാക്കി.

മികച്ച മത്സര ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സ്പാനിഷ് സംവിധായകൻ ഫെലിപേ കാർമോണയുടെ പ്രിസൺ ഇൻ ദി ആൻഡസിന് ലഭിച്ചു. ബി 32 മുതൽ 44 വരെയുടെ സംവിധായിക ശ്രുതി ശരണ്യം മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം സ്വന്തമാക്കി.
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്.എസ്.ഐ കെ.ആർ മോഹനൻ പുരസ്‌കാരത്തിന് ഉത്തം കമാഠിയുടെ കേർവാൾ തിരെഞ്ഞെടുക്കപ്പെട്ടു. സൗണ്ട് ഡിസൈനുള്ള പുരസ്കാരം മിഗുവേൽ ഹെർണാണ്ടസും മാരിയോ മാർട്ടിനും ശബ്ദ രൂപകൽപ്പന ചെയ്ത മെക്സിക്കൻ ചിത്രം ഓൾ ദി സൈലൻസിന് ലഭിച്ചു.

നിശാഗന്ധിയിൽ നടന്ന സമാപനച്ചടങ്ങിൽ നടൻ പ്രകാശ് രാജ് മുഖ്യാതിഥിയും ക്യൂബയുടെ ഇന്ത്യൻ സ്ഥാനപതി അലെഹാന്ദ്രോ സിമാൻകാസ് മറിൻ വിശിഷ്ടാതിഥിയുമായി. വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.