തിരുവനന്തപുരം: പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന കിംസ് ഹെൽത്ത് ട്രോഫി മീഡിയാ ഫുട്‌ബാൾ ലീഗിന് ഇന്ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തുടക്കമാകും. രാവിലെ 7 മുതൽ മത്സരങ്ങൾ ആരംഭിക്കും. വൈകിട്ട് 5ന് 'വിസിൽ' എം.ഡി ദിവ്യ എസ്.അയ്യർ കിക്കോഫ് ചെയ്യും. തുടർന്ന് പ്രസ് ക്ളബ് ടീമും എക്സൈസ് ടീമും തമ്മിലുള്ള പ്രദർശന മത്സരം നടക്കും. സമാപന ദിവസമായ 19ന് വൈകിട്ട് 4.30ന് മുൻ ഇന്ത്യൻ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും ഉൾപ്പെടുന്ന ടീമുകൾ തമ്മിലുള്ള മത്സരം നടക്കും.

ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി,യു. ഷറഫലി, ജിജു ജേക്കബ്, കുരികേശ് മാത്യു, മാത്യു വർഗീസ്, പി.പി. തോബിയാസ്, കെ.ടി. ചാക്കോ, ശ്രീഹർഷൻ,അലക്സ് എബ്രഹാം, അപ്പുക്കുട്ടൻ, വി.പി. ഷാജി, എം. സുരേഷ്, ആസിഫ് സഹീർ, അബ്ദുൾ റഷീദ്, ഗണേഷ്, ജയകുമാർ, ഇഗ്‌നേഷ്യസ്, ജോബി, സുരേഷ് കുമാർ, എബിൻ റോസ് എന്നിവർ കളിക്കളത്തിലിറങ്ങും. ഐ.എം. വിജയൻ ഇലവനും ജോപോൾ അഞ്ചേരി ഇലവനും തമ്മിലുള്ള മത്സരം കാല്പന്തുകളിയുടെ പോരാട്ടവീര്യം ഫുട്‌ബാൾ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ.സാനുവും അറിയിച്ചു.