
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട് എന്നതിനോടൊപ്പം ദൈവത്തെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിറുത്തിയ നാട് കൂടിയാണ് കേരളമെന്ന് നടൻ പ്രകാശ് രാജ്.
രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനസംഗമത്തിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യയശാസ്ത്രങ്ങളുടെ നിറങ്ങളില്ലാതെ ഇത്തരം ഒരു മേളയൊരുക്കിയതിൽ കേരളത്തിലെ സിനിമാപ്രവർത്തകരേയും സർക്കാരിനേയും അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അവാർഡുകൾ നൽകാനുള്ള മേള എന്നതിനപ്പുറം പുതുതലമുറയ്‌ക്ക് വൈവിധ്യങ്ങളെ പരിചയപ്പെടാനുള്ള അവസരം കൂടിയാണിത്.
വിവിധ ആഖ്യാനങ്ങളാൽ വിഭജിക്കപ്പെട്ട രാജ്യമാണ് നമ്മുടേത്. ഇത്തര ആഖ്യാനങ്ങളെ ഗൗരവത്തോടെ കാണണം.
പാർലമെന്റിൽ നടന്ന സംഭവത്തിൽ രാഷ്ട്രീയപാർട്ടികൾ പരസ്പരം ആരോപണങ്ങളുന്നയിക്കുമ്പോഴും പാർലമെന്റിന്റെ സുരക്ഷയെ കുറിച്ച് ചർച്ചചെയ്യുമ്പോഴും യുവാക്കൾ എന്തുകൊണ്ട് ഇതു ചെയ്തു എന്ന് ചിന്തിക്കേണ്ടതുണ്ട്. തൊഴിലില്ലായ്മയിലും മണിപ്പൂർ പോലുള്ള സംഭവങ്ങളിൽ ഉത്തരമില്ലാത്തതും യുവാക്കളെ നിരാശരാക്കുന്നുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.