
വിതുര: വിനോബ നികേതൻ ആശ്രമ സ്ഥാപക പ്രസിഡന്റും ആചാര്യവിനോബ ഭാവെയുടെ പ്രിയശിഷ്യയുമായ പരിവ്രാജിക എ.കെ.രാജമ്മയ്ക്ക് (99)നാടിന്റെ കണ്ണീരണിഞ്ഞ യാത്രാമൊഴി. മൃതദേഹം ഇന്നലെ രാവിലെ 10 ന് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വിനോബ നികേതൻ ആശ്രമവളപ്പിൽ സംസ്കരിച്ചു. രാജമ്മയുടെ വളർത്തുമക്കളായ കൃഷ്ണഹരി, ക്രിസ്തുഹരി, ബലവീരഹരി എന്നിവർ ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജമ്മ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് വിടവാങ്ങിയത്.അന്തർദേശീയ നിലവാരത്തോടെയുള്ളൊരു ഗ്രാമീണ വിശ്വവിദ്യാപീഠം എന്ന സ്വപ്നം ബാക്കിവച്ചാണ് പരിവ്രാജിതയുടെ മടക്കം.
മൃതദേഹം തിരുവനന്തപുരം ഗാന്ധിഭവനിൽ പൊതുദർശനത്തിനു വച്ച ശേഷം വൈകിട്ട് വിനാേബ നികേതനിൽ എത്തിച്ചിരുന്നു. നാടിന്റെ നാനാതുറകളിൽ നിന്നുള്ള ആയിരങ്ങളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. അടൂർപ്രകാശ് എം.പി, ജി.സ്റ്റീഫൻ എം.എൽ.എ, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മുൻ എം.പി എ.സമ്പത്ത്, ഉഴമലയ്ക്കൽ വേണുഗോപാൽ, സി.ശിവൻകുട്ടി, വി.വി.രാജേഷ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്,ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ, എൻ.ഷൗക്കത്തലി, കെ. ഉവൈസ്ഖാൻ,തോട്ടുമുക്ക് അൻസർ,ആനാട് ജയൻ, മലയടി പുഷ്പാംഗദൻ, മീനാങ്കൽ കുമാർ,കെ.എ.ബാഹുലേയൻ, എൻ.ഗോപാലകൃഷ്ണൻ, തൊളിക്കോട് ഷംനാദ്, വിനോബ ജയൻ, വിനോബാനികേതൻ ലിജുകുമാർ, തച്ചൻകോട് വേണുഗോപാൽ, എസ്..ബിനിതാമോൾ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.
ഹരിജനങ്ങളുടെ ഉന്നമനവും നാടിന്റെ വികസനവും ലക്ഷ്യമിട്ട് 1957ലാണ് രാജമ്മ വിനോബ നികേതൻ ആശ്രമം സ്ഥാപിച്ചത്. ഒരായുസ് മുഴുവൻ ആശ്രമത്തിന്റെ വളർച്ചയ്ക്കും പാവപ്പെട്ടവരുടെയും പിന്നാക്കക്കാരുടേയും ഉന്നമനത്തിനുമായി പ്രവർത്തിക്കുകയായിരുന്നു. 1957 ൽ സർക്കാരിന്റെ സഹായത്തോടെ വിവിധ വികസനപദ്ധതികൾ നടപ്പിലാക്കി നാടിന്റെ പ്രിയങ്കരിയായി മാറിയ രാജമ്മ മഹാത്മാഗാന്ധിയുടെയും വിനോബ ഭാവെയുടെയും ആശയങ്ങൾ തൊട്ടുവണങ്ങിയാണ് പ്രവർത്തിച്ചിരുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗും മുൻ മുഖ്യമന്ത്രി ഇ.എം.എസും മറ്റും വിനോബ നികേതൻ ആശ്രമത്തിലെത്തി സഹായങ്ങൾ ലഭ്യമാക്കിയിരുന്നു.