
തിരുവനന്തപുരം: നിർമ്മിതബുദ്ധി(എ.ഐ) ഉപയോഗിച്ച് കൃഷിയിടത്തിൽ കള പറിക്കുന്ന യന്ത്രം നിർമ്മിച്ച് 29കാരൻ ശ്രദ്ധേയനാവുന്നു. മെക്കാട്രോണിക്സ് എൻജിനിയറായ കൊല്ലം ഇടമൺ സ്വദേശി പ്രിൻസ് മാമനാണ് 'ഗാഡ്രോ' എന്ന കുഞ്ഞൻ റോബോട്ട് വികസിപ്പിച്ചത്. ഫ്രീമാൻ റോബോട്ടിക്സ് എന്നാണ് കവടിയാർ ആസ്ഥാനമായ സംരംഭത്തിന്റെ പേര്. ഇതിനായുള്ള എ.ഐ ആപ്പും വികസിപ്പിച്ചു.
ഫോണിലെ ഗാഡ്രോ ആപ്പിലൂടെ റോബോയെ നിയന്ത്രിക്കാം. കാഴ്ചയിൽ അല്പം വലിപ്പമുള്ള ടോയ് കാർ. മുന്നിലും പിന്നിലുമായി മൂന്ന് വീലുകൾ. ഫോണും റോബോയുമായി വൈഫൈയിലൂടെ ബന്ധിപ്പിക്കാം. റോബോയുടെ മുന്നിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറയിലൂടെ ഫോണിൽ കൃഷിയിടം കാണാനാവും. ആപ്പിലെ ഐക്കണുകളിൽ അമർത്തി 'യന്തിര"നെ ചലിപ്പിക്കാം. കളയുള്ള ഭാഗത്ത് യന്ത്രത്തെ നിറുത്തി 'കട്ട്" എന്ന ഐക്കണിൽ ഞെക്കണം. ഇതോടെ മുൻവശത്ത് വീലിനു മുകളിലായി ഘടിപ്പിച്ചുള്ള ബ്ലെയ്ഡ് താഴേക്കിറങ്ങും. 10 സെന്റിമീറ്റർ വരെ വലിപ്പമുള്ള കള പിഴുതെടുക്കും. കൂടുതൽ വലിപ്പമുള്ളവ അരിഞ്ഞുമാറ്റും. വീട്ടിലെ പച്ചക്കറിത്തോട്ടത്തിലും ഇടത്തരം കൃഷിയിടങ്ങളിലും ഉപയോഗിക്കാം. പറിച്ച കള ശേഖരിച്ച് നീക്കാനാവുന്ന രീതിയിൽ റോബോയെ രൂപകല്പന ചെയ്തുവരികയാണ്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന യന്ത്രം ഒരു പ്രാവശ്യം ചാർജ് ചെയ്താൽ ഒന്നര മണിക്കൂർ പ്രവർത്തിക്കും.
പ്രേരണ ബാല്യത്തിലെ കൃഷിയോർമ്മ
കുട്ടിക്കാലത്ത് അച്ഛനൊപ്പം കൃഷിചെയ്ത ഓർമ്മയാണ് റോബോട്ടിക്സ് കമ്പനിയിൽ പ്രവർത്തിച്ചിരുന്ന പ്രിൻസ് മാമനെ ഈ സംരംഭത്തിന് പ്രേരിപ്പിച്ചത്. യു.കെയിലെ സഹോദരൻ ലിൻസ് നൽകിയ അഞ്ചുലക്ഷമായിരുന്നു മൂലധനം. 2021ൽ ജോലിയിൽനിന്നു രാജിവച്ചാണ് സംരംഭം തുടങ്ങിയത്. വെള്ളായണി കാർഷിക കോളേജുമായി ചേർന്ന് കൃഷിയിടങ്ങളിലെ മണ്ണ് പരിശോധിച്ചാണ് യന്ത്രത്തിന്റെ ഘടന നിശ്ചയിച്ചത്. ആദ്യം നിർമ്മിച്ചത് പരാജയപ്പെട്ടു. വീണ്ടും ജൂണിൽ റോബോ നിർമ്മിച്ച് സ്വന്തം വീട്ടിലെ പച്ചക്കറിത്തോട്ടത്തിലെ കളപറിച്ചു. ഉടൻ വിപണിയിൽ എത്തിക്കും. സമൂഹമാദ്ധ്യമങ്ങളിൽ റോബോയെക്കുറിച്ച് കേട്ടറിഞ്ഞ് പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലെ കർഷകർ സമീപിച്ചു. അവർക്കായി യന്ത്രത്തിന്റെ വലിപ്പം കൂട്ടും. നാലു ജീവനക്കാരുണ്ട്. കൊല്ലം പുനലൂരാണ് താമസം. അച്ഛൻ ടി.എസ്.മാമൻ,അമ്മ മോളി മാമൻ.
ഭാരം 25 കി. ഗ്രാം
മണിക്കൂറിൽ 400 സ്‌ക്വയർ ഫീറ്റ് കള പറിക്കാം
നീളം 20 സെ.മീ.
വീതി 12 സെ.മീ.
പൊക്കം 11 സെ.മീ.