കടയ്ക്കാവൂർ: വർക്കല, കായിക്കര, അഞ്ചുതെങ്ങ്, മുതലപ്പൊഴി, പെരുമാതുറ വഴി തിരുവനന്തപുരത്തേക്ക് പോകുന്ന തീരദേശ റോഡ് തീരദേശ ഹൈവേയായി പ്രഖ്യാപിച്ചിട്ട് നാളുകളായി. എന്നാൽ അതിനുവേണ്ട നടപടി മാത്രമില്ല. സ്ഥലമേറ്റെടുത്ത് കുറ്റിയടിക്കുക മാത്രമാണ് ഇതുവരെ നടന്നത്. ബാക്കി പണികൾ എന്നുനടക്കുമെന്ന സംശയത്തിലാണ് ഇവിടുത്തുകാർ. ആശാൻ സ്മാരകം, തൂക്കുപാലം, അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, മുതലപ്പൊഴി, കടലും കായലിലുമുള്ള പ്രകൃതി രമണീയത എന്നിവ ഈ റോഡിലൂടെയുള്ള സ‌ഞ്ചാരത്തിൽ കാണാൻ കഴിയും. ഇവിടെ റേഡ് വികസിച്ചാൽ കൊല്ലത്തേക്ക് പോകാൻ ഈ റോഡിനെ ആശ്രയിക്കാം. ഇതിലൂടെ നാഷണൽ ഹൈവേയിലൂടെയുള്ള വാഹനത്തിരക്കും കുറയും.

വർക്കല, വെട്ടൂർ, മേൽവെട്ടൂർ, നെടുങ്ങണ്ട, കായിക്കര, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം, ചെറുന്നിയൂർ, പാലാംകോണം, മണനാക്ക്, ചിറയിൻകീഴ്, പെരുമാതുറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വളരെ അനുഗ്രഹമാണ് ഈ തീരദേശഹൈവേ. താഴം പള്ളി,​ കൊച്ചുമേത്തൻകടവ്, വേലിമുക്ക്, പുത്തുറ തുടങ്ങിയ ഭാഗത്ത് റോഡില്ലാത്ത അവസ്ഥയാണിപ്പോൾ. പൊതുമരാമത്ത് അധികാരികളോട് പരാതി പറയുമ്പോൾ ഉടനെ പണി ആരംഭിക്കുമെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. തീരദേശ ഹൈവേയുടെ പണി എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.