s

തിരുവനന്തപുരം: അതീവ സുരക്ഷാസംവിധാനങ്ങളുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ഔദ്യോഗികവസതിയിലേക്ക് മഹിളാമോർച്ച പ്രവർത്തകർ അതിക്രമിച്ചുകയറി സിറ്റൗട്ടിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഡി.ജി.പി ഷേക്ക് ദർവേസ് സാഹിബ് ഈ സമയത്ത് അവിടെയുണ്ടായിരുന്നു. ഇന്നലെ രാവിലെ 9.30 ഓടെ ഡി.പി.ഐക്കു സമീപത്തുള്ള വീട്ടിലായിരുന്നു വൻ സുരക്ഷാവീഴ്ച വിളിച്ചോതുന്ന സംഭവം.

അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹിളാമോർച്ച ജില്ല പ്രസിഡന്റ് ജയ രാജീവ്, ജില്ല സെക്രട്ടറി ലീന മോഹൻ, പ്രവർത്തകരായ പൂജ, ശ്രീജ, സരിത എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

പിന്നാലെ മഹിളാ മോർച്ച പ്രവർത്തകർ വഴുതക്കാട് പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചും ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. മാർച്ച് തടയാൻ പൊലീസ് തീർത്ത ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച ഒമ്പത് മഹിളാമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഡി.സി.പിയെയും മ്യൂസിയം എസ്.എച്ച്.ഒയെയും വിളിച്ചുവരുത്തി ഡി.ജി.പി വിശദീകരണം തേടി.

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതെവിട്ടത് പൊലീസിന്റെ അനാസ്ഥകൊണ്ടാണെന്നും കേരളത്തിൽ സ്ത്രീസുരക്ഷ അപകടത്തിലാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഈ വിഷയത്തിൽ വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ മഹിളാമോർച്ച തീരുമാനിച്ചിരുന്നു. മാർച്ചിനുള്ള തയ്യാറെടുപ്പിനിടെയാണ് ജയ രാജീവ് അടക്കമുള്ളവർ ഡി.ജി.പിയുടെ വഴുതക്കാട്ടെ വീട്ടിലെത്തിയത്. മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ ഇവർ ഗേറ്റിന് സമീപത്ത് അഞ്ചുമിനിട്ടോളം കാത്തുനിന്നു. ഈ സമയം വീടിനു മുന്നിൽ പൊലീസുകാർ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് മഹിളാമോർച്ച പ്രവർത്തകർ ചെറിയ ഗേറ്റിലെത്തി. ദ്രുതകർമ്മ സേനയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരോട് തങ്ങൾ മഹിളാമോർച്ച പ്രവർത്തകരാണെന്നും ഡി.ജി.പിയെ കാണണമെന്നും ആവശ്യപ്പെട്ടു. മുൻകൂട്ടി അനുമതി വാങ്ങിയിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥർ ചോദിച്ചു. ഇല്ലെന്ന് മറുപടി നൽകിയതിനൊപ്പം പ്രതിഷേധക്കാർ ഗേറ്റ് തള്ളിത്തുറന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് കോമ്പൗണ്ടിലേക്ക് ഓടിക്കയറി. ഇവരുടെ കൈയിൽ ബി.ജെ.പിയുടെ കൊടിയും കരിങ്കൊടിയും കറുത്ത ഷാളും ഉണ്ടായിരുന്നു. വനിതാ പൊലീസുകാർ ഇല്ലാതിരുന്നതിനാൽ പ്രവർത്തകരുടെ അപ്രതീക്ഷിത നീക്കം തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ല. ഓടിയെത്തിയ പ്രതിഷേധക്കാർ സിറ്റൗട്ടിലിരുന്ന് പൊലീസിനെതിരെ മുദ്രാവാക്യവും വിളിച്ചു. പൊലീസ് കഴിവുകെട്ടവരായെന്നും ഇതാണോ കേരളത്തിലെ സ്ത്രീസുരക്ഷ എന്നുമുള്ള മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. ബഹളമുണ്ടായപ്പോഴും ഡി.ജി.പി പുറത്തേക്ക് വന്നില്ല. 15 മിനിട്ടോളം ഇവർ മുദ്രാവാക്യം മുഴക്കി. തുടർന്ന് മ്യൂസിയം സ്റ്റേഷനിൽ നിന്ന് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ വനിതാപൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. പിന്നാലെ മ്യൂസിയത്തും തൊട്ടടുത്ത പൂജപ്പുര സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി. 11.40 ഓടെ ഡി.ജി.പി പൊലീസ് ആസ്ഥാനത്തേക്ക് പോയി.