തിരുവനന്തപുരം: നഗരത്തിലെ സ്‌മാർട്ട് റോഡ് നിർമ്മാണത്തിനായി റോഡ് അടച്ചതോടെ നെട്ടോടമോടുകയാണ് ജനങ്ങൾ. വഞ്ചിയൂരിൽ നിന്ന് ഏതുവഴി തമ്പാനൂരിലെത്താനും പെടാപ്പാടാണ്. സ്റ്റാച്യുവിൽ നിന്ന് ജനറൽ ആശുപത്രിയിലെത്താനും കഷ്ടപ്പെടും. നിലവിൽ ഉപ്പിടാംമൂട്-ഓവർബ്രിഡ്ജ് റോഡ്,ഉപ്പിടാംമൂട് അംബുജ വിലാസം റോഡ് എന്നിവിടങ്ങളിലാണ് ജോലികൾ നടക്കുന്നത്.

ഉപ്പിടാംമൂട് പാലം-ഓവർബ്രിഡ്‌ജ് റോഡ്‌

റോഡ് നിർമ്മാണം നിലച്ചിട്ട് 10 മാസം കഴിഞ്ഞു. നിലവിൽ ഡ്രെയിനേജിന്റെ മാൻഹോൾ നിർമ്മാണത്തിനു വേണ്ടി റോഡ് കുഴിച്ചിട്ടിരിക്കുകയാണ്. റോഡിന്റെ മദ്ധ്യഭാഗത്ത് കുഴിച്ച ശേഷം ജോലികൾ പൂർത്തിയാക്കുംമുമ്പ് മൂടി. നിലവിൽ ഈ റോഡിൽ ഒരുവശം കുണ്ടുംകുഴിയും നിറഞ്ഞ് മെറ്റിലളകി കിടക്കുകയാണ്.

റോഡിൽ അസഹനീയമായ പൊടിപടലവും ഉയരുന്നുണ്ട്. വീടുകൾ കൂടുതലുള്ളതിനാൽ പൊടിപടലങ്ങൾ താമസക്കാരെയും അലട്ടുന്നുണ്ട്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി വാർഡ് കൗൺസിലറോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. നിർമ്മാണത്തിനെത്തിച്ച മെറ്റൽ കൂട്ടിയിട്ടിരിക്കുന്നതിനാൽ ഗതാഗതത്തിനും ബുദ്ധിമുട്ടുണ്ട്.

150 മീറ്റർ നീളമുള്ള റോഡ് വഞ്ചിയൂരിൽ നിന്ന് തമ്പാനൂർ,കിഴക്കേകോട്ട എന്നിവിടങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയാണ്. റെയിൽവേ സ്റ്റേഷനിലേക്ക് ഗതാഗതക്കുരുക്ക് ഒഴിവാക്കിപ്പോകാനും ഈ വഴിയാണ് ഉപയോഗിക്കുന്നത്.

ഉപ്പിടാംമൂട് പാലം-പുളിമൂട് റോഡ്‌

നിലവിൽ വാട്ടർ അതോറിട്ടിയുടെ ഡ്രെയിനേജ് ജോലികളാണ് നടക്കുന്നത്. റോഡിന്റെ വശത്തെ ഓടകളെല്ലാം പൊളിച്ചിട്ടിരിക്കുകയാണ്. റോഡിന് നടുവിൽ വൻ കുഴിയെടുത്ത് മാൻഹോളിന്റെ ജോലിയും നടക്കുകയാണ്.

നഗരത്തിൽ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ മഴ പെയ്‌താൽ വെള്ളം നിറഞ്ഞ് ജോലികൾ കുളമാകും.

ജോലികൾക്കായി മുന്നറിയിപ്പില്ലാതെ റോഡുകൾ അടയ്ക്കുന്നത് കാരണം വലിയ വാഹനങ്ങളുൾപ്പെടെ ഇടറോഡ് വഴി പോയി ഗതാഗതക്കുരുക്കിലാകാറുണ്ട്.വഞ്ചിയൂർ,കരമന,നെയ്യാറ്റിൻകര ഭാഗത്തുനിന്ന് സ്റ്റാച്യുവിലെത്താനുള്ള എളുപ്പവഴിയാണിത്. സ്റ്റാച്യു,പുളിമൂട് ഭാഗത്തുനിന്ന് വരുന്നവർ വഞ്ചിയൂർ കോടതിയിലെത്തുന്നത് ഇതുവഴിയാണ്. കോച്ചിംഗ് സെന്ററുകൾ അധികമുള്ള സ്ഥലമായതിനാൽ നിരവധി വിദ്യാർത്ഥികൾ ആശ്രയിക്കുന്ന റോഡാണിത്. 300 മീറ്ററാണ് ദൈർഘ്യം.

സ്റ്റാച്യു-ജനറൽ ആശുപത്രി റോഡ്

സ്‌മാർട്ട് റോഡ് നിർമ്മാണത്തിനു വേണ്ടി സ്റ്റാച്യു-ജനറൽ ആശുപത്രി റോഡ് പൊളിച്ചിട്ടിരിക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണ്. നൂറിലേറെ വ്യാപാര സ്ഥാപനങ്ങൾക്കും ആയിരത്തിലേറെ തൊഴിലാളികൾക്കും ഒട്ടേറെ യാത്രക്കാർക്കും 445 മീറ്റ‍റുള്ള റോഡുപണി തിരിച്ചടിയായി.

മഴയും ചെളിയും കാരണം വസ്ത്രശാലകൾ തുറന്നുവയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാർത്ഥികളിൽ നല്ലൊരു പങ്കും ഈ വഴി ആശ്രയിക്കുന്നവരാണ്. പൊളിഞ്ഞ വഴിയിലൂടെ പോകുന്ന കുട്ടികൾ ചെളിയിൽ തെന്നി വീഴുന്നതും പതിവാണ്. സ്റ്റാച്യുവിൽ ബസിറങ്ങി ജനറൽ ആശുപത്രി,വഞ്ചിയൂർ ഭാഗത്തേക്ക് പോകാനെത്തുന്നവർ ഓട്ടോയിലും ഇരുചക്രവാഹനങ്ങളിലുമായി ഇതുവഴിയാണ് പോകുന്നത്.

നിലവിൽ ടാറിംഗ് ഇളക്കി മാറ്റുന്ന ജോലിയാണ് നടത്തുന്നത്. ഇതിനുശേഷം വൈദ്യുതി കേബിൾ ഉൾപ്പെടെ ഭൂമിക്കടിയിലൂടെയാക്കും. ഇതിനൊപ്പം സ്വിവേജ് ലെയ്‌നിന്റെ നിർമ്മാണം നടക്കും. സ്‌മാർട്ട് റോഡ് പദ്ധതിപ്രകാരമാണ് സ്റ്റാച്യു-ജനറൽ ആശുപത്രി റോഡ് നവീകരിക്കുന്നത്. 2020ൽ നിർമ്മാണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ കരാറുകാരനെ മാറ്റി. പകുതി ഭാഗം ഡക്ട് നിർമ്മിച്ച് ശേഷം പണി ഉപേക്ഷിച്ചതോടെ ഇതുവഴിയുള്ള യാത്ര ദുരിതമായി. നിലവിൽ മാർച്ചിന് മുമ്പ് ജോലികൾ പൂർത്തിയാക്കാനാണ് നിർദ്ദേശം.