k

ചിത്രീകരണം മാർച്ചിൽ

നിവിൻ പോളി നായകനായി നവാഗതനായ സുധീർ മുഖ്യശ്രീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായ്‌പല്ലവി നായിക. ചിത്രീകരണം മാർച്ചിൽ ആരംഭിക്കും. ചിത്രത്തിലെ താര നിർണയം പുരോഗമിക്കുന്നു. പ്രേമം സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയ താരജോഡികളായി മാറിയവരാണ് നിവിനും സായ്‌പല്ലവിയും. പ്രേമത്തിനുശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്നു എന്നതാണ് പ്രത്യേകത.

വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന താരം സിനിമയിൽ ഇരുവരെയും ഒരുമിക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. നിവിൻ നായകനാവുന്ന താരത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതുമാണ്. നിവിൻ - സായ് പല്ലവി ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. അതേസമയം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം പൂർത്തിയാക്കിയ നിവിൻ, വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിൽ അഭിനയിച്ചുവരികയാണ്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ ഉൾപ്പെടെ നീണ്ട താരനിരയുണ്ട്. ഡിജോ ജോസ് ആന്റണി ചിത്രമാണ് നിവിന്റെ അടുത്ത മലയാളം റിലീസ്. ജനഗണമനയ്ക്കുശേഷം ഡിജോ ജോസ് ആന്റണിയും തിരക്കഥാകൃത്ത് ഷാരീസ് മുഹമ്മദും ഒരുമിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനാണ് മറ്റൊരു പ്രധാന താരം. മാജിക് ഫ്രെയിംസും പോളി ജൂനിയർ പക്ചേഴ്സും ചേർന്നാണ് നിർമ്മാണം.