l

വേഷപ്പകർച്ചയിൽ വ്യത്യസ്തതയുമായി മമ്മൂട്ടി,​ മോഹൻലാൽ എന്ന സംവിധായകനെയും കാണാം

മെഗാ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പുതുവർഷത്തിൽ ആരാധകർക്കായി ഒരുക്കുന്നത് വമ്പൻ പ്രോജക്ടുകൾ. വേഷപ്പകർച്ചയിൽ മമ്മൂട്ടി പുതുവർഷത്തിൽ വിസ്മയം തീർക്കുമെന്ന് ഉറപ്പാണ്. മോഹൻലാൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബറോസ് തിയേറ്ററിൽ എത്തുന്നതിന് 2024 സാക്ഷ്യം വഹിക്കും. മോഹൻലാലും ലിജോജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിക്കുന്ന മലൈക്കോട്ടൈ വാലിബൻ ആണ് പുതുവർഷത്തിൽ മോഹൻലാലിന്റെ മേജർ പ്രോജക്ട്. ജനുവരി 25ന് വാലിബൻ റിലീസ് ചെയ്യാൻ പോവുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ട്രെയിലറും പാട്ടുകളും ട്രെന്റിംഗിൽ മുൻപന്തിയിൽ ഇടം പിടിച്ച വാലിബൻ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. മമ്മൂട്ടിയും സംവിധായകൻ രാഹുൽ സദാശിവനും ആദ്യമായി ഒരുമിക്കുന്ന ഭ്രമയുഗം ആണ് പുതുവർഷത്തിൽ മമ്മൂട്ടിയുടെ ആദ്യ റിലീസായി പ്രതീക്ഷിക്കുന്നത്. രൂപത്തിലും ഭാവത്തിലും വ്യത്യസ്തത പുലർത്തുന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഹൊറർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ മമ്മൂട്ടി പ്രതിനായക വേഷത്തിൽ എത്തുന്നു എന്നതാണ് പ്രത്യേകത. ഫെബ്രുവരി റിലീസായാണ് പ്ളാൻ ചെയ്യുന്നത്. മോഹൻലാൽ സംവിധായകന്റെ കുപ്പായം അണിയുന്ന ബറോസ് മാർച്ച് 28ന് തിയേറ്ററിൽ എത്തും. അവധിക്കാല ആഘോഷമായി എത്തുന്ന ബറോസിൽ ബറോസ് എന്ന ഭൂതത്തിന്റെ വേഷമാണ് മോഹൻലാലിന്. ത്രിഡി ചിത്രമായി ഒരുങ്ങുന്ന ബറോസ് വിദേശ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. ഹോളിവുഡിലെ പ്രശസ്തരായ മാർക്ക് കിലിയൻ ആണ് പശ്ചാത്തല സംഗീതം നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രം ബസൂക്ക ആണ് മമ്മൂട്ടിയുടെ മറ്റൊരു മെഗാ പ്രോജക്ട്. സ്റ്റെലിഷ് ലുക്കിൽ മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ ഗൗതം മേനോൻ, ഹക്കിം ഷാ എന്നിവർ സുപ്രധാന വേഷത്തിൽ എത്തുന്നു. മമ്മൂട്ടി ആരാധകർക്കുള്ള വിരുന്നാണ് ബസൂക്ക. മമ്മൂട്ടിയും സംവിധായകൻ വൈശാഖും വീണ്ടും ഒരുമിക്കുന്ന ടർബോ ആണ് ആരാധകർ കാത്തിരിക്കുന്ന മറ്റൊരു മേജർ പ്രോജക്ട്. ടർബോ ജോസ് എന്ന ഇടിവെട്ട് കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ കന്നട നടൻ രാജ് ബി. ഷെട്ടി, തെലുങ്ക് നടൻ സുനിൽ ,​തമിഴ് നടൻ അർജുൻ ദാസ് എന്നിവരാണ് പ്രതി നായകൻമാർ. ഭീഷ്മപർവ്വത്തിനു ശേഷം മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒരുമിക്കുന്ന ചിത്രം പുതുവർഷത്തിലെ മറ്റൊരു പ്രധാന പ്രോജക്ടാണ്. ഫെബ്രുവരിയിൽ മഹേഷ് നാരായണൻ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്ന മമ്മൂട്ടി തുടർന്ന് അമൽ നീരദിന്റെ ചിത്രത്തിൽ ജോയിൻ ചെയ്യും. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും മഹേഷ് നാരായണൻ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫഹദ് ഫാസിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. ആരാധകരുടെ ആവേശം കടലാക്കി മാറ്റുന്ന എമ്പുരാന്റെ ചിത്രീകരണത്തിൽ മോഹൻലാൽ പുതുവർഷത്തിൽ മുഴുകും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം 2025 ൽ റിലീസ് ചെയ്യാനാണ് തീരുമാനം. പാൻ ഇന്ത്യൻ ചിത്രങ്ങളായ ഋഷഭ, കണ്ണപ്പ എന്നിവയാണ് മോഹൻലാലിന്റെ 2024 ലെ മറ്റു റിലീസുകൾ.

ജീത്തു ജോസഫ് ചിത്രം റാമിന്റെ അടുത്ത ഷെഡ്യൂളിൽ മോഹൻലാലിന് ജോയിൻ ചെയ്യേണ്ടതുണ്ട്. റാമും അടുത്ത വർഷത്തെ റിലീസായാണ് ഒരുങ്ങുന്നത്.