തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ വെറുതേ വിട്ടതിൽ പ്രതിഷേധിച്ച് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ഡി.ജി.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഒമ്പതുപേരെ അറസ്റ്റുചെയ്‌തു.
മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമയുടെ നേതൃത്വത്തിൽ വെള്ളയമ്പലത്ത് നിന്ന് ആരംഭിച്ച മാർച്ച് മാനവീയം വീഥിക്ക് സമീപത്തുവച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചപ്പോഴാണ് മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി എം.പി.അഞ്ജന,ജില്ലാ ജനറൽ സെക്രട്ടറി ശ്രീകല, പ്രവർത്തകരായ റീന,ശോഭലത,ചിന്നു,വിജി,മാധുരി,ആശ,ഷീബ എന്നിവരെ അറസ്റ്റുചെയ്‌തത്. പ്രവർത്തകരെ പിന്നീട് എ.ആർ ക്യാമ്പിലേക്ക് മാറ്റി. അതേസമയം പ്രതിഷേധിച്ചവരെ മുടിയിൽ കുത്തിപ്പിടിച്ചും വലിച്ചിഴച്ചുമാണ് വാഹനത്തിൽ കയറ്റിയതെന്ന് പ്രവർത്തകർ ആരോപിച്ചു.
സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ തങ്ങളെ പുരുഷ പൊലീസുകാർ കൈയേറ്റം ചെയ്‌തെന്നും സംസ്ഥാനത്ത് പൊലീസ് നിഷ്ക്രീയമായിരിക്കുകയാണെന്നും വി.ടി.രമ പറഞ്ഞു. ആറുവയസുകാരിയെ പീഡിപ്പിച്ചശേഷം കൊന്ന് ഷാളിൽ കെട്ടിത്തൂക്കിയത് ഡി.വൈ.എഫ്.ഐക്കാരനാണെന്നും ശാസ്ത്രീയമായ അന്വേഷണത്തെളിവ് നൽകാതെ പൊലീസ് പ്രതിയെ രക്ഷിക്കാൻ കൂട്ടുനിൽക്കുകയായിരുന്നെന്നും അവർ ആരോപിച്ചു.