raod

തിരുവനന്തപുരം: നഗരത്തിലെ ഓടശുചീകരണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തട്ടിക്കൂട്ട് പ്രകടനമായി മാറുന്നെന്ന് പരാതി. പേട്ട പള്ളിമുക്കിൽ നിന്ന് കണ്ണമ്മൂലയിലേക്ക് പോകുന്ന ഭാഗത്തെ ഓടകളിലെ മാലിന്യം ഓടയുടെ അരികിൽ തന്നെ കോരിവച്ചിരിക്കുകയാണ്.

മഴപെയ്യുമ്പോൾ ഈ മാലിന്യം തിരികെ ഓടയിലേക്ക് തന്നെ ഇറങ്ങും. ഇങ്ങനെ മാലിന്യങ്ങൾ വീണ്ടും നിറഞ്ഞ് ഒഴുക്കിനെ ബാധിക്കുമ്പോൾ കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടാകും. ഓടയുടെ ശുചീകരണം നടക്കുന്ന സ്ഥലങ്ങളിലെല്ലാം ഇതാണ് അവസ്ഥ. വടയക്കാട് നിന്ന് കണ്ണാശുപത്രിലേക്ക് പോകുന്ന ഭാഗത്തും ഇത്തരത്തിൽ ഓടവൃത്തിയാക്കി മാലിന്യം അവിടെ തന്നെ ഉപേക്ഷിച്ച നിലയിലാണ്. ഓടയുടെ മുകൾഭാഗത്തെ സ്ലാബുകൾ മാറ്റി മണ്ണും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കോരിയശേഷം തിരികെയിട്ട സ്ലാബുകളുടെ ഇടയിൽ വിടവുകളുണ്ട്. കണ്ണമ്മൂല, കുന്നുകുഴി തുടങ്ങി പലഭാഗത്തും ഓടകളുടെ സ്ളാബ് തകർന്നിരിക്കുകയാണ്.

ചില ഭാഗങ്ങളിൽ ഓട സ്ലാബിട്ട് മൂടാതെയും മറ്റു ചില ഭാഗങ്ങളിൽ സ്ളാബ് പൊടിഞ്ഞ് തകർന്ന നിലയിലുമാണുള്ളത്. മൂടിയില്ലാതെ കിടക്കുന്ന ഭാഗങ്ങളിൽ കാടുപിടിച്ച് കുഴി കാണാൻ വയ്യാത്തത് അപകടസാദ്ധ്യത കൂട്ടുന്നു. എന്നാൽ സ്ലാബുകൾ മാറ്റിയിടാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

വെള്ളം വാർന്ന് പോകാനെന്ന് അധികൃതർ

ഓടയിൽ നിന്ന് കോരി മാറ്റിയ മാലിന്യത്തിലെ വെള്ളം വാർന്ന് പോകാൻ വേണ്ടിയാണ് ഉടൻ കൊണ്ടുപോകാത്തതെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ അടുത്ത മഴവരെ 'വെള്ളം വാർക്കലിനായി' മാലിന്യം ഓടയുടെ അരികിൽ ഉപേക്ഷിക്കുന്നതാണ് പതിവെന്ന് നാട്ടുകാ‌‌ർ പറയുന്നു.